ന്യൂഡൽഹി: ഓൺലൈൻ ട്രാവൽ സ്ഥാപനങ്ങളായ മേക്ക് മൈ ട്രിപ്പ്, ഗോയ്‌ബിബോ, ഹോസ്‌പിറ്റാലിറ്റി സേവന ദാതാക്കളായ ഒയോ എന്നിവയ്ക്ക് 392 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും മത്സര വിരുദ്ധ കരാറുകൾ വഴി അന്യായമായ ബിസിനസ് സമ്പ്രദായങ്ങളിൽ (anti-competitive agreements) ഏർപ്പെട്ടതായി കോമ്പറ്റീഷൻ കമ്മിഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേക്ക് മൈ ട്രിപ്പ്-ഗോയ്ബിബോ (എംഎംടി-ഗോ) സംവിധാനത്തിന് 223.48 കോടി രൂപയും ഒയോയ്‌ക്ക് 168.88 കോടി രൂപയുമാണ് പിഴ.
ഡിജിറ്റൽ സ്‌പേസ് സ്ഥാപനങ്ങൾക്ക് സിസിഐ ചുമത്തുന്ന ഏറ്റവും ഉയർന്ന ക്യുമുലേറ്റീവ് പെനാൽറ്റി കൂടിയാണിത്. ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ (FHRAI) പരാതിയെ തുടർന്ന് 2019 ഒക്ടോബറിലാണ് സിസിഐ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട്, ഫാബ്ഹോട്ടൽസ്, ട്രീബോ എന്നിവയിൽ നിന്നുള്ള പരാതികളും കൂടി പരിഗണിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഫാബ്‌ഹോട്ടലുകൾ, ട്രീബോ എന്നിവയെ ഡീലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും പിന്നീട് വീണ്ടും ഉള്‍പ്പെടുത്തി.
മേക്ക് മൈ ട്രിപ്പ്, ഗോയ്ബിബോ എന്നിവയോട് ഹോട്ടലുകളിലേക്ക് ന്യായവും സുതാര്യവുമായ പ്രവേശനം ഉറപ്പാക്കാനും വിവിധ മാര്‍ഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ: ഹോട്ടലുകൾ/ചെയിൻ ഹോട്ടലുകൾ എന്നിവയുമായുള്ള ഉടമ്പടികൾ ഉചിതമായ രീതിയിൽ പരിഷ്‌കരിക്കണം. ഏതെങ്കിലും ഹോട്ടൽ/ചെയിൻ ഹോട്ടലുമായുള്ള കരാർ ക്രമീകരണം അവസാനിപ്പിച്ചതുകൊണ്ടോ അല്ലെങ്കിൽ എംഎംടിക്ക് അനുവദിച്ച ക്വാട്ട തീർന്നതുകൊണ്ടോ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമല്ലാത്ത പ്രോപ്പർട്ടികൾ സംബന്ധിച്ച് എംഎംടി-ഗോ അതിന്‍റെ പ്ലാറ്റ്‌ഫോമിൽ സുതാര്യമായ വെളിപ്പെടുത്തലുകൾ നൽകണം. ഹോട്ടൽ പങ്കാളികൾക്ക് അവരുടെ മുറികൾ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ സ്വന്തം ഓൺലൈൻ പോർട്ടലിലോ രണ്ട് സ്ഥാപനങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വാഗ്‌ദാനം ചെയ്യുന്ന വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ അനുവാദമില്ല.