ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. എന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുകളുടെ വില 1,976ല്‍ നിന്ന് 1,885 ആയി കുറഞ്ഞു. നേരത്തെ ഓഗസ്റ്റ് ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 36 രൂപ കുറച്ചിരുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാമിന്‍റെ എല്‍പിജി സിലിണ്ടറിന് 1,053 രൂപയാണ് വില.
റീഫില്ലിന് പരിധി: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ റീഫില്ലിന് പൊതുമേഖല എണ്ണ കമ്പനികള്‍ പരിധി ഏര്‍പ്പെടുത്തി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പതിനഞ്ച് ദിവസത്തിനിടെ ഒരു തവണ മാത്രമേ സിലിണ്ടര്‍ റീഫില്‍ ചെയ്യാനാകൂയെന്ന് പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ അറിയിച്ചു.
ഓഗസ്റ്റ് 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഐഒസി, എച്ച്‌പിസിഎല്‍ എന്നീ എണ്ണ കമ്പനികളും സമാന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, ഡല്‍ഹിയില്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ (ഏവിയേഷന്‍ ടർബൈന്‍ ഫ്യൂവല്‍) നിരക്ക് 0.7 ശതമാനം കുറച്ചു. ജെറ്റ് ഫ്യുവല്‍ നിരക്ക് കിലോ ലിറ്ററിന് 874.12 രൂപയാണ് കുറച്ചത്.
Also read: ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി