ജയ്‌പൂർ: രാജസ്ഥാനിലെ ദുംഗർപൂരിൽ (Dungarpur) ട്രക്കും ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. ദുംഗർപൂർ ജില്ലയിൽ ദേശീയപാത 48 ലാണ് അപകടം നടന്നത് (Accident In Rajastan- Several Died). കൂട്ടിയിടിയിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
രാജസ്ഥാനിലെ രത്തൻപൂർ അതിർത്തിക്കടുത്താണ് (Ratanpur Border) അപകടം നടന്നതെന്ന് ബിച്ചിവാഡ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മദൻലാൽ പറഞ്ഞു. ഏഴ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ദുംഗർപൂർ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്‌ടർ ലക്ഷ്‌മി നാരായൺ മന്ത്രി, പൊലീസ് സൂപ്രണ്ട് കുന്ദൻ കൻവാരിയ എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി അവശ്യമായ നടപടികൾ കൈക്കൊണ്ടു. പൊലീസും ഡോക്‌ടർമാരും അടങ്ങുന്ന വിദഗ്‌ധ സംഘത്തെ ആശുപത്രിയിൽ വിന്യസിച്ചതായും മദൻലാൽ പറഞ്ഞു.