ന്യൂഡൽഹി : അതിശൈത്യം മൂലം (cold weather conditions) നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകൾക്കും ജനുവരി 12വരെ അവധി പ്രഖ്യാപിച്ച് (Winter Vacation) വിദ്യാഭ്യാസ മന്ത്രി അതിഷി (Education Minister Atishi). ഡൽഹിയിലെ സ്‌കൂളുകൾ ജനുവരി 1 മുതൽ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് അവധി നീട്ടിയതായി മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹിയിൽ ശീതക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ (Delhi Cold Weather) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ രാവിലെ ഏഴ് മണിക്ക് രേഖപ്പെടുത്തിയ താപനില 10 ഡിഗ്രി സെൽഷ്യസാണ്. ഫരീദാബാദിൽ 8 ഡിഗ്രി സെൽഷ്യസ്, ഗുരുഗ്രാമിൽ 7 ഡിഗ്രി സെൽഷ്യസ്, ഗാസിയാബാദിൽ 11 ഡിഗ്രി സെൽഷ്യസ്, നോയിഡയിൽ 10 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വായുവിൽ ഈർപ്പം 92 ശതമാനം വരെ ഉയരുമെന്നും ആറ് കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇന്നലെ തലസ്ഥാനത്തെ പരമാവധി താപനില 15.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 8.9 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ഡൽഹിയിൽ ഈ ആഴ്‌ചയിലുടനീളം രാവിലെ നേരിയ മൂടൽമഞ്ഞ് നിലനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനുവരി 9ന് ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയിലും താഴെയാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശൈത്യം തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് (ഐഎംഡി).
വായു മലിനീകരണത്തോടൊപ്പം തണുപ്പും എത്തിയത് ഡൽഹിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (AQI) 345 ആയാണ് രേഖപ്പെടുത്തിയത്. ഇത് വളരെ മോശം വായു ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഫരീദാബാദിൽ 288, ഗുരുഗ്രാമിൽ 145, ഗാസിയാബാദിൽ 292, ഗ്രേറ്റർ നോയിഡയിൽ 319, നോയിഡയിൽ എക്യുഐ 296 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.