ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും രാജ്യത്തിന്‍റെ വടക്ക്-പടിഞ്ഞാറ് മേഖലയിലും അടുത്ത 4-5 ദിവസങ്ങളില്‍ ശീതകാറ്റ് അടിയ്ക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെഡിറ്ററേനിയന്‍ മേഖലയില്‍ ഉടലെടുക്കുന്ന ചുഴലിക്കാറ്റ് മേഖലകളില്‍ തുടര്‍ച്ചയായി രണ്ട് തവണ വീശിയടിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഇത്.
ആദ്യത്തേത് ജനുവരി 3ന് രാത്രി മുതൽ ജനുവരി 7ന് രാവിലെ വരെ നീണ്ടുനില്‍ക്കും. രണ്ടാമത്തേത് ജനുവരി 7ന് ഉച്ചതിരിഞ്ഞ് ആരംഭിച്ച് ജനുവരി 9 അല്ലെങ്കിൽ 10 വരെ നീണ്ടുനിൽക്കും. ഇതിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് തണുത്ത കാറ്റ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ആര്‍കെ ജെനമണി പറഞ്ഞു.
നിലവില്‍ ഡൽഹിയിലും രാജസ്ഥാനിലും ശീതകാറ്റ് അടിയ്ക്കുന്നില്ല. പഞ്ചാബിലും ഹരിയാനയിലും മാത്രമാണ് കാറ്റുള്ളത്. നാളെ മുതൽ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ ഒരിടത്തും ശീതകാറ്റുണ്ടാകില്ലെന്ന് ആര്‍.കെ ജെനമണി വ്യക്തമാക്കി.
ഡല്‍ഹിയില്‍ താപനില ഉയരും
രാജ്യതലസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില 10 ഡിഗ്രിയോളം ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഡൽഹിയിൽ ജനുവരി 5-6 തീയതികളിൽ മഴയും ഇടിമിന്നലും ഉണ്ടാകും. ശക്തമായ കാറ്റും അടിയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് മൂലം രാത്രിയിലെ താപനില 5-6 ഡിഗ്രിയിൽ നിന്ന് 10-11 ഡിഗ്രിയായി വർധിക്കും.
ജനുവരി 3 മുതൽ 7 വരെ ജമ്മു കശ്‌മീരിലും ഹിമാചൽപ്രദേശിലും ചുഴലിക്കാറ്റ് വീശിയടിയ്ക്കും. ഇതിന്‍റെ ഫലമായി ജനുവരി 4, 5 തീയതികളില്‍ ജമ്മു കശ്‌മീരിൽ കനത്ത മഴയും മഞ്ഞുവീഴ്‌ചയും ഉണ്ടായേക്കാം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജനുവരി 5ന് കനത്ത മഞ്ഞുവീഴ്‌ച ഉണ്ടാകും. ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ ജനുവരി 4-6 തീയതികളിൽ മഴ പെയ്യാനും ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജനുവരി 8നോ 9നോ ശക്തമായ മഴയും മഞ്ഞും ഉണ്ടാകും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നല്ല മഴയ്ക്ക് സാധ്യതയുണ്ട്.
Also read: പത്ത് രൂപക്ക് വാങ്ങിയ കോഴിക്കുഞ്ഞിന് ബസ് ചാർജ് 52 രൂപ