കോയമ്പത്തൂർ: ദുരഭിമാനക്കൊല ഭയന്ന് നടുറോഡില്‍ നിലവിളിച്ച് സഹായം തേടി ദമ്പതികൾ. തമിഴ്‌നാട് മണിയക്കാരംപാളയം സ്വദേശി വിഘ്‌നേഷ്, ശരവണംപട്ടി സ്വദേശി സ്‌നേഹ ദമ്പതികളാണ് കുടുംബം തങ്ങളെ കൊലപ്പെടുത്തുമെന്ന ഭയത്താൽ അലറി വിളിച്ചുകൊണ്ട് തെരുവില്‍ സഹായം അഭ്യർഥിച്ചത്. ഇന്നലെ (മാർച്ച് 02) രാത്രി അവിനാശി റോഡിൽ വച്ചായിരുന്നു സംഭവം.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് അടുത്തിടെയാണ് വിഘ്‌നേഷും സ്‌നേഹയും വിവാഹിതരായത്. എന്നാൽ വ്യത്യസ്‌ത ജാതിയായതിനാൽ വിവാഹത്തിൽ സ്‌നേഹയുടെ വീട്ടുകാർക്ക് താൽപ്യമുണ്ടായിരുന്നില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ കൊണ്ടുപോകാനെന്ന വ്യാജേന ഇരുവരെയും വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ദമ്പതികൾ പറയുന്നത്.
തങ്ങളെ കടത്തികൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കരഞ്ഞുവിളിച്ച ദമ്പതികൾ റോഡിലുണ്ടായിരുന്ന ആളുകളുടെയും ട്രാഫിക് പൊലീസിന്‍റെയും സഹായം ആവശ്യപ്പെടുകയായിരുന്നു. സ്‌നേഹയുടെ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ബന്ധു ആയുധമുയർത്തിയതോടെ ഇരുവരും നിലവിളിക്കുകയായിരുന്നു.
ALSO READ: 333 വര്‍ഷത്തെ ചരിത്രം തിരുത്തി ചെന്നൈ കോര്‍പ്പറേഷൻ: മേയറാകാൻ ദലിത് വനിത
തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് പൊലീസും ദമ്പതികളെ പുറത്തിറക്കി വിവരം അന്വേഷിച്ചു. തങ്ങളെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബന്ധുക്കളുടെ പക്കൽ ആയുധങ്ങളുണ്ടെന്നും ആരോപിച്ച ദമ്പതികൾ തങ്ങളെ രക്ഷപ്പെടുത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം വിവാഹിതരായ ഇരുവരെയും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതാണെന്നും കൊലപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് സ്‌നേഹയുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ഇരുകൂട്ടരെയും ശരവണംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.