ജബല്‍പൂര്‍ (മധ്യപ്രദേശ്): വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎന്‍ഐ)യുടെ ജബൽപൂർ രൂപത ബിഷപ്പ് പി സി സിങ് അറസ്റ്റില്‍. മധ്യപ്രദേശ് പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആണ് ബിഷപ്പിനെ അറസ്റ്റു ചെയ്‌തത്. പി സി സിങ്ങിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇഒഡബ്ല്യു സൂപ്രണ്ട് ദേവേന്ദ്ര സിങ് രജ്‌പുത് അറിയിച്ചു.
നേരത്തെ, മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ നിന്ന് സിങ്ങിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. പി സി സിങ്ങിനെതിരെ വഞ്ചന കേസ് രജിസ്റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച സിങ്ങിന്‍റെ ജബൽപൂരിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 1.60 കോടി രൂപയും, വിദേശ കറൻസികളും ഇഒഡബ്ല്യു കണ്ടെത്തിയിരുന്നു. പരിശോധന സമയത്ത് സിങ് ജര്‍മനിയിലായിരുന്നു.
ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തിയ സിങ്ങിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇഒഡബ്ല്യു, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം തേടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം ചെയര്‍മാന്‍ എന്ന നിലയില്‍ ബിഷപ്പ് ദുരുപയോഗം ചെയ്‌തു എന്ന പരാതിയെ തുടര്‍ന്നാണ് സിങ്ങിനെതിരെ കഴിഞ്ഞ മാസം കേസ് എടുത്തത്. 2004-05, 2011-12 വര്‍ഷങ്ങളില്‍ സൊസൈറ്റിയുടെ വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ ഫീസായി പിരിച്ചെടുത്ത 2.70 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് മാറ്റുകയും ദുരുപയോഗം ചെയ്യുകയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബിഷപ്പ് ചിലവഴിക്കുകയും ചെയ്‌തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഇഒഡബ്ല്യു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബിഷപ്പ് സിങ്ങിനും ഫേംസ് ആൻഡ് സൊസൈറ്റീസ് മുൻ അസിസ്റ്റന്‍റ് രജിസ്ട്രാർ ബി എസ് സോളങ്കിക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 420 (വഞ്ചന), 406 (ക്രിമിനൽ വിശ്വാസവഞ്ചന), 468 (തട്ടിപ്പിനായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖ ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്‌ട്രോണിക് റെക്കോർഡ്) കൂടാതെ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ പണം മതപരിവർത്തനത്തിനോ മറ്റു നിയമവിരുദ്ധ പ്രവർത്തനത്തിനോ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.