ചെന്നൈ: സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) ദക്ഷിണ 2022 എന്റർടൈൻമെന്‍റ് ഉച്ചകോടിയിൽ സമൂഹത്തിന് പുരോഗമനപരമായ സിനിമകൾ നിർമ്മിക്കണമെന്ന് സ്റ്റാലിൻ. സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസിന് വേണ്ടി സിഐഐ ദക്ഷിണ സൗത്ത് ഇന്ത്യൻ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് കോൺഫറൻസ് നന്തമ്പക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഫറൻസിൽ "റീജിയണൽ ഈസ് ദ ന്യൂ നാഷണൽ" എന്ന ദക്ഷിണ മേഖല റിപ്പോർട്ട് സ്റ്റാലിൻ പ്രകാശനം ചെയ്‌തു.
സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകരായ മണിരത്‌നം, രാജമൗലി, അഭിനേതാക്കളായ ജയറാം, ജയംരവി, രമേഷ്, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞതിങ്ങനെ; "ഞാനും ഒരിക്കൽ സിനിമ നിർമ്മാണ മേഖലയിലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഇവിടെ വരാൻ വളരെ ഇഷ്‌ടമാണ്. ഞാൻ നിങ്ങളിൽ ഒരാളായിരിക്കും. ഈ സമ്മേളനം ചെന്നൈയിൽ നടത്തിയതിന് നന്ദി. 2 വർഷമായി നിരവധി ആളുകളുടെ ജീവൻ കൊറോണ ബാധിച്ച് നഷ്‌ടപ്പെട്ടു.
സിനിമ മേഖലയേയും ഇത് സാരമായി ബാധിച്ചു. സിനിമ മേഖലയിൽ ആദ്യമായി റെക്കോഡ് സൃഷ്‌ടിച്ചത് തമിഴ്‌നാടാണ്. അതിൽ ചെന്നൈയും, തെന്നിന്ത്യൻ സിനിമ വ്യവസായവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കഥയും തിരക്കഥയും സാങ്കേതിക വിദ്യയും സാഹചര്യത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. തമിഴ്‌നാട് സർക്കാർ സിനിമ വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എല്ലാവിധ പിന്തുണയും നൽകും. പുകയില ഉത്പന്നങ്ങളുടെ ദോഷവശങ്ങളെ കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണ്. പുരോഗമനപരമായ ആശയങ്ങൾ ഉയർത്തിക്കാട്ടുന്ന സിനിമകൾ നിർമ്മിക്കാൻ ഞാൻ അഭ്യർഥിക്കുകയാണ്”.