പാറ്റ്ന: രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നില്‍ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തത് ചർച്ചയാകുന്നു. മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ഭാറ്യ റാബ്രി ദേവിയുടെ വസതിയിലാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് റാബ്രി ദേവിയുടെ വസതി ഇഫ്‌താർ വിരുന്നിനൊരുങ്ങിയത്.
ലാലു പ്രസാദ് യാദവ് ജയിലിൽ പോയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർജെഡി ഇഫ്‌താർ ചടങ്ങ് സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ, ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെ പാർട്ടി പ്രവർത്തകർ ആവേശത്തിലാണ്.
എല്ലാ പാർട്ടികളുടെയും തലവൻമാരെയും മുതിർന്ന നേതാക്കളെയും ഇഫ്‌താറിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ക്ഷണം ഉണ്ട്. വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) മേധാവി മുകേഷ് സാഹ്നിയെയും ഇഫ്‌താറിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്.