കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംഭവത്തില്‍ ഇന്ന് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. ഈ യോഗത്തിലാണ് അന്വേഷണം എന്‍ഐഎക്ക് വിടാന്‍ തീരുമാനമായത്.
കാർ സ്‌ഫോടനത്തിന്‍റെ കൃത്യമായ കാരണം പുറത്തു കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ചാവേര്‍ സ്‌ഫോടനത്തിനുള്ള ശ്രമമാണോ എന്നും പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു. കാറില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടു പോകുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
ഞായറാഴ്‌ച (ഒക്‌ടോബര്‍ 23) പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തു വച്ചായിരുന്നു സ്‌ഫോടനം. സ്ഫോടനത്തില്‍ ജമേഷ മുബിൻ (25) എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. എൻഐഎ മുമ്പ് ചില തീവ്രവാദ കേസുകളിൽ ബന്ധമുണ്ടെന്ന് സംശയിച്ച് ജമേഷ മുബിനെ ചോദ്യം ചെയ്‌തിട്ടുണ്ട്.
സ്‌ഫോടനത്തിന് ശേഷം ജമേഷ മുബിന്‍റെ സുഹൃത്തുക്കള്‍ അറസ്റ്റിലായിരുന്നു. മുഹമ്മദ് താൽക്ക (25), ഉക്കടം സ്വദേശി മുഹമ്മദ് അസ്‌ഹറുദ്ദീൻ(23), ജിഎം നഗർ സ്വദേശി മുഹമ്മദ് റിയാസ്(27), ഫിറോസ് ഇസ്‌മായിൽ (27), മുഹമ്മദ് നവാസ് ഇസ്‌മായിൽ (26) എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടനം നടന്ന ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്‍റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.
മുബിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ വസ്‌തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു.