ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍). മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കും വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്‌തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുസ്‌ലിങ്ങളെയും ദലിതരെയും കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ (ഒക്‌ടോബര്‍ 26) വനപര്‍ത്തിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഏതെങ്കിലും ഒരു ജില്ലയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു മെഡിക്കല്‍ കോളജ് എങ്കിലും കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടോയെന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹബൂബ നഗറിലേത് അടക്കം അഞ്ച് മെഡിക്കല്‍ കോളജുകളാണ് ബിആര്‍എസ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്കായി യാതൊന്നും ചെയ്യാതെ അവരെ വെറും വോട്ട് ബാങ്കായി ഉപയോഗിക്കുകയാണ്. എന്നാല്‍ ബിആര്‍എസ് സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കും ഹരിജനങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുമായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കുകയാണ് ചെയ്‌തത്. ദലിതര്‍ക്ക് വേണ്ടി ബിആര്‍എസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതിയായ 'ദലിത് ബന്ധു' ആരംഭിച്ചു. അതുപോലെ തന്നെ കര്‍ഷകര്‍ക്ക് കൈതാങ്ങായി സര്‍ക്കാര്‍ 'ഋതു ബന്ധു' പദ്ധതി ആരംഭിച്ചു.
കോണ്‍ഗ്രസ് എപ്പോഴെങ്കിലും കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ബിആര്‍എസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും കെസിആര്‍ പറഞ്ഞു.
നാഗര്‍കുര്‍ണൂലിലും കോണ്‍ഗ്രസിനെതിരെ കെസിആര്‍: നേരത്തെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അച്ചംപേട്ടില്‍ നടന്ന പൊതു യോഗത്തിലും മുഖ്യമന്ത്രി കെസിആര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് ദലിതരെ കുറിച്ച് മുമ്പൊന്നും ചിന്തിച്ചിട്ടേയില്ലെന്ന് കെസിആര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ തെലങ്കാനയിലെ ധരണി നീക്കം ചെയ്യുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പറയുന്നത്.
ഇന്ന് ധരണി കാരണം ഭൂമിയുടെ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമെല്ലാം സര്‍ക്കാറിന്‍റെ കൈവശമുണ്ട്. കര്‍ഷകര്‍ക്ക് സഹായമായി ഋതു ബന്ധു ലഭിക്കുന്നുണ്ട്. നിങ്ങള്‍ വില്‍ക്കുന്ന വിളകള്‍ക്ക് നേരിട്ട് പണം ലഭിക്കുന്നു. ധരണി മൂലമാണ് ഇതെല്ലാം സാധ്യമായത്.
സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വര്‍ഷങ്ങളോളം അധികാരത്തിലുണ്ടായിരുന്നു. ഈ വര്‍ഷങ്ങളിലൊന്നും ദലിതരുടെ ക്ഷേമത്തെ കുറിച്ച് കോണ്‍ഗ്രസ് അന്വേഷിച്ചിരുന്നില്ല. അവര്‍ ദലിതരെ വെറും വോട്ട് ബാങ്കായി കണ്ടു.
പ്രധാനമന്ത്രിയായിരുന്ന സമയത്ത് ജവഹര്‍ ലാല്‍ നെഹ്‌റു ദലിത് ബന്ധു പോലൊരു പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ ദലിതരുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടിരുന്നു. രാജ്യത്ത് ഒരു പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ചിന്തിക്കുക കൂടി ചെയ്യാത്ത പദ്ധതിയാണ് ദലിത് ബന്ധുവെന്നും അദ്ദേഹം പറഞ്ഞു.