അമരാവതി: ആന്ധ്രാപ്രദേശിന്‍റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. വിഷയത്തിൽ അപ്രായോഗിക ഉത്തരവ് പുറപ്പെടുവിച്ച ജുഡീഷ്യറി അതിന്‍റെ പരിധികൾ ലംഘിച്ചുവെന്നും വിധി ഭരണഘടന ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി വിധി നടപ്പിലാകാൻ സാധിക്കില്ലെന്നും ആന്ധ്ര മുഖ്യമന്ത്രി വ്യക്തമാക്കി.
വിധിക്കെതിരെ ആഞ്ഞടിച്ച് നിയമസഭ: ഹൈക്കോടതി വിധിക്കെതിരെ മുതിർന്ന നിയമസഭാംഗമായ ധർമന പ്രസാദ റാവു മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ഭരണ വികേന്ദ്രീകരണത്തെ കുറിച്ച് നിയമസഭയിൽ നടത്തിയ ചർച്ചയ്‌ക്കിടെയാണ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് പുറമേ നിയമസഭ സ്‌പീക്കർ ടി സീതാറാം, നിയമസഭ കാര്യമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് ഉൾപ്പെടെ നിരവധി അംഗങ്ങൾ ഹൈക്കോടതി ഉത്തരവിനെതിരെ രംഗത്തുവന്നു. നിയമസഭയുടെ പരമാധികാരം സംരക്ഷിക്കുമെന്നും അവർ പറഞ്ഞു.
തലസ്ഥാനം മാറ്റുന്നതിനോ വിഭജിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള നിയമനിർമാണം നടത്തുന്നതിനോ സംസ്ഥാന സർക്കാരിന് യോഗ്യതയില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. നിയമനിർമാണത്തിനല്ലെങ്കിൽ മറ്റെന്തിനുവേണ്ടിയാണ് നിയമസഭ നിലകൊള്ളുന്നതെന്ന് അംഗങ്ങൾ സഭയിൽ ചോദിച്ചു. സംസ്ഥാനത്തെ നിയമനിർമാണ മേഖലയിലേക്ക് ഹൈക്കോടതി കടന്നുകയറാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
വികേന്ദ്രീകരണവുമായി മുന്നോട്ടെന്ന് റെഡ്ഡി: കോടതി അതിന്‍റെ പരിധികൾ ലംഘിച്ചുവെന്ന് ആരോപിച്ച ജഗൻമോഹൻ റെഡ്ഡി, സംസ്ഥാനത്തിന് മൂന്ന് വ്യത്യസ്ത തലസ്ഥാനങ്ങൾ സ്ഥാപിച്ചുകൊണ്ട് തന്നെ വികേന്ദ്രീകരണവുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു. അധികാരവികേന്ദ്രീകരണമാണ് തങ്ങളുടെ നയമെന്നും തലസ്ഥാനവിഷയത്തിൽ തീരുമാനമെടുക്കേണ്ടത് തങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഹൈക്കോടതി വിധി ഭരണഘടനയെ മാത്രമല്ല, നിയമസഭയുടെ അധികാരങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. ഇത് ഫെഡറൽ ആദർശങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും എതിരാണെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു. തലസ്ഥാനം തെരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ അധികാരപരിധിയിലാണെന്ന് കേന്ദ്രം പോലും പാർലമെന്‍റിലും ഹൈക്കോടതിയിലും വ്യക്തമായി പറഞ്ഞതായി ജഗൻ മോഹൻ റെഡ്ഡി ചൂണ്ടിക്കാട്ടി.
READ MORE: മൂന്ന് തലസ്ഥാനം നടപ്പില്ല ; അമരാവതിയെ 6 മാസം കൊണ്ട് വികസിപ്പിക്കണമെന്ന് ആന്ധ്ര ഹൈക്കോടതി
ജുഡീഷ്യറി നിയമങ്ങൾ ഉണ്ടാക്കി തുടങ്ങിയാൽ നിയമനിർമാണ സഭ നിലകൊള്ളുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആന്ധ്രാപ്രദേശിന്‍റെ നിയമനിര്‍മാണ തലസ്ഥാനമായി അമരാവതിയും ഭരണനിർവഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അമരാവതിയെ സ്ഥിരം തലസ്ഥാനമായി നിശ്ചയിക്കാനും വികസിപ്പിക്കാനുമായിരുന്നു മാർച്ച് മൂന്നിന് ഹൈക്കോടതി ഉത്തരവിട്ടത്.
സംസ്ഥാന സർക്കാരും ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയും സംയുക്തമായി പ്രവർത്തിച്ച് ആറുമാസത്തിനുള്ളിൽ തലസ്ഥാന നഗരിയായ അമരാവതിയിലും സമീപ മേഖലയിലും റോഡ്, കുടിവെള്ളം, ഡ്രെയിനേജ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കണമെന്നും ആന്ധ്ര ഹൈക്കോടതി നിർദേശിച്ചു.
READ MORE:രണ്ടര വര്‍ഷത്തെ കര്‍ഷക പോരാട്ടം: ആന്ധ്രയുടെ തലസ്ഥാനം അമരാവതി മാത്രമാവുമ്പോള്‍