ബെംഗളൂരു : നാടകീയ ചുവടുമാറ്റങ്ങള്‍ക്കും ദേശീയ നേതാക്കള്‍ സജീവ സാന്നിധ്യമായിരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മെയ് 10ന് വിധി എഴുതി. ഇന്നലെയാണ് കന്നഡപ്പോരിന്‍റെ ഫലം പുറത്തുവന്നത്. 224 ല്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ വെന്നിക്കൊടി പാറിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ രാജ്യമാകെ ഉറ്റുനോക്കിയ കര്‍ണാടകയിലെ പുതിയ ചര്‍ച്ചാവിഷയം ആര് മുഖ്യമന്ത്രിയാകും എന്നതാണ്.
കോണ്‍ഗ്രസ് കര്‍ണാടകയില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഭരണ കക്ഷിയായ ബിജെപിക്ക് 65 സീറ്റുകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ജെഡിഎസിനാകട്ടെ 19 സീറ്റേ നേടാനായുള്ളൂ. ഇപ്പോഴിതാ, ആരാകും അടുത്ത മുഖ്യന്‍ എന്ന ഒരൊറ്റ ചോദ്യമാണ് കര്‍ണാടകയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സിദ്ധ VS ഡികെ : മുഖ്യമന്ത്രി പദത്തിനായി ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് രണ്ട് വമ്പന്‍മാര്‍ തമ്മിലാണ്. പ്രതിപക്ഷ നേതാവായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും തമ്മില്‍. ഇരുവരും നേരത്തെ പലതവണ, മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞവരാണ്. നിലവില്‍ പന്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടിലാണ്. ഇരു നേതാക്കളെയും തൃപ്‌തിപ്പെടുത്തുന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് ഇനി തയ്യാറാക്കേണ്ടത്.
സിദ്ധ-ഡികെ മത്സരം നടക്കുമ്പോള്‍ അണിയറയില്‍ മറ്റ് ചില നേതാക്കളും പ്രധാന പദവികള്‍ക്കായി കണ്ണുനട്ടിരിക്കുന്നുണ്ട്. ഡോ. ജി പരമേശ്വരയാണ് ഇതിൽ പ്രമുഖൻ. മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടിരുന്ന പരമേശ്വര ഇതിനോടകം തന്നെ തന്‍റെ ആ ആഗ്രഹം ഉപേക്ഷിച്ചെന്ന് സൂചനയുണ്ട്. 'ഞാൻ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നു' എന്ന് മുന്‍പ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ഖാര്‍ഗെയ്‌ക്ക് സാധ്യത ? : എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സാധ്യത വിരളമാണ്. ലിംഗായത്ത് നേതാവ് എംബി പാട്ടീലും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പദമാണെന്നത് രഹസ്യമായ കാര്യമല്ല. ലിംഗായത്ത് സമുദായത്തിന്‍റെ വിശ്വാസം ഉറപ്പിക്കാന്‍ പാട്ടീലിന് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ഇദ്ദേഹത്തിന്‍റെ അനുകൂലികള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇതിനും സാധ്യത നന്നേ കുറവാണ്.
മുൻ കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ഒമ്പതാം തവണയും എംഎൽഎയായ ആർവി ദേശ്‌പാണ്ഡെ, മുതിർന്ന ലിംഗായത്ത് നേതാവ് ഷാമനൂർ ശിവശങ്കരപ്പ, കെപിസിസി വർക്കിങ് പ്രസിഡന്‍റ് സതീഷ് ജാര്‍ക്കിഹോളി, രാമലിംഗ റെഡ്ഡി എന്നിവര്‍ മന്ത്രിപദവികള്‍ ആഗ്രഹിക്കുന്നുണ്ട്. സർക്കാർ രൂപീകരണവും തുടർ തീരുമാനങ്ങളും സംബന്ധിച്ച് കോൺഗ്രസിന്‍റെ സുപ്രധാന നിയമസഭാകക്ഷി യോഗം ഇന്ന് വൈകീട്ടാണ് ചേരുന്നത്.