ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ഒന്നാം വർഷം നേടിയ മാർക്കിന്‍റെ ശരാശരി ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ സ്കൂളുകളോട് ഉത്തരവിട്ട് സിഐഎസ്‌സിഇ. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്ന് മെയ് മുതൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ബോർഡ് നീട്ടിവച്ചിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ബോർഡിനെ സമീപിച്ചെങ്കിലും അന്തിമതീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ വായിക്കാന്‍: കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിഐഎസ്‌സിഇ പരീക്ഷകൾ മാറ്റിവച്ചു
കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് (സിഐഎസ്‌സിഇ) പത്താം ക്ലാസ് പരീക്ഷകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. 2019-2020 അധ്യയന വർഷത്തിൽ പതിനൊന്നാം ക്ലാസ് (ഒന്നാം വർഷം) വിദ്യാർഥികൾ നേടിയ വിഷയങ്ങളുടെ മാർക്കും 2020-2021 അധ്യയന വർഷം പന്ത്രണ്ടാം ക്ലാസിൽ (രണ്ടാം വർഷം) ഇവർക്ക് നടത്തിയ വിവിധ ടെസ്റ്റുകളിൽ ലഭിച്ച ശരാശരി മാർക്കുകളുമാണ് ശേഖരിക്കുന്നത്. അപ്‌ലോഡ് ചെയ്ത മാർക്ക് സാധൂകരിക്കുന്നതിന് 11, 12 ക്ലാസുകളുടെ ഏകീകൃത മാർക്ക്‌ഷീറ്റ് അപ്‌ലോഡ് ചെയ്യാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 7 ആണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) തീരുമാനമൊന്നും എടുത്തിട്ടില്ല.