ചണ്ഡിഗഡ് : ഹരിയാന സർക്കാരിന്‍റെ നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് കർഷക പ്രതിഷേധം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധത്തിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ വീടിന് പുറത്ത് പ്രതിഷേധിച്ച കർഷകർ ഇവിടെ കൊടി ഉയർത്തി.
നെല്ലു സംഭരണം ഒക്‌ടോബർ 11ലേക്ക് മാറ്റി
ഒക്‌ടോബർ ഒന്നിന് നെല്ല് സംഭരണം ആരംഭിക്കുമെന്നായിരുന്നു സർക്കാർ ആദ്യം ഉത്തരവിറക്കിയത്. എന്നാൽ ഒക്‌ടോബർ 11ന് മാത്രമേ നെല്ല് സംഭരണം ആരംഭിക്കുകയുള്ളൂവെന്ന് സെപ്‌റ്റംബർ 30ന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ബിജെപി, ജെജെപി നേതാക്കളുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് വൻ പ്രതിഷേധം
കർണാൽ ജില്ലയിൽ നൂറുകണക്കിന് കർഷകരാണ് മുഖ്യമന്ത്രി ഖട്ടറിന്‍റെ വസതി ഉപരോധിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ടെന്‍റുകൾ നിർമിച്ച് കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുകയും ചെയ്‌തു. കുരുക്ഷേത്രയിൽ പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. താനേശ്വറിൽ ബിജെപി എംഎൽഎ സുഭാഷ് സുദയുടെ വീടും പ്രതിഷേധക്കാർ വളഞ്ഞു.
ബിജെപി എംഎൽഎമാരുടെ വീടുകൾ വളഞ്ഞ് പ്രതിഷേധം
അതേസമയം അംബാലയിൽ ബിജെപി എംഎൽഎ അസിം ഗോയലിന്‍റെ വസതിയും പ്രതിഷേധക്കാർ വളഞ്ഞു. അവിടെയും പൊലീസും കർഷകരും തമ്മിൽ സംഘര്‍ഷമുണ്ടായി. എംഎൽഎയുടെ വസതിയിലേക്ക് പോകുന്ന വഴി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.
പഞ്ച്കുളയിലും സമാന രീതിയിൽ പ്രതിഷേധം അരങ്ങേറി. അസംബ്ലി സ്‌പീക്കർ ഗ്യാൻചന്ദ് ഗുപ്‌തയുടെ വീട് വളയാനായി ട്രാക്‌ടറിലാണ് കർഷകരെത്തിയത്. കർഷകർക്ക് നേരെ പൊലീസ് ലാത്തിചാർജ് പ്രയോഗിച്ചു. സർക്കാർ നെല്ല് സംഭരണം ആരംഭിക്കുന്നതുവരെ പ്രതിഷേധവും ധർണയും തുടരുമെന്ന് കർഷകർ വ്യക്തമാക്കി.
സർക്കാരിന്‍റെ ആദ്യ വിജ്ഞാപനം വന്നപ്പോൾ നെല്ല് മന്ദികളിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ഇവിടെ സൗകര്യമില്ലെന്നും മഴ പെയ്‌താൽ മുഴുവൻ നെല്ലും നശിക്കുമെന്നും കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കർഷകർ വീണ്ടും രംഗത്തെത്തിയത്.