ആനന്ദ: ഗുജറാത്തിലെ ആനന്ദ ജില്ലയിലെ ബോർസാദ് പട്ടണത്തിൽ രണ്ട് സമുദായത്തിൽപെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പ്രദേശത്തെ തർക്കഭൂമിയിൽ പണികൾക്കായി കല്ലിടുന്നതിനെ മറ്റൊരു സമുദായത്തിലെ അംഗങ്ങൾ എതിർത്തതാണ് സംഘർഷത്തിന് കാരണം.
ശനിയാഴ്‌ച രാത്രി 9.30ഓടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്‌പരം കല്ലെറിയുകയും അടിപിടിയിൽ ഏർപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്‌തു.
സംഘർഷ വിവരം അറിഞ്ഞയുടൻ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും തർക്കം പരിഹരിക്കപ്പെടുന്നതുവരെ തർക്കഭൂമിയിൽ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ഇരുവിഭാഗവും വീണ്ടും കല്ലേറ് തുടർന്നതോടെ സ്ഥിതിഗതികൾ വഷളായി.
പിന്നാലെ ജനക്കൂട്ടത്തെ തുരത്താൻ പൊലീസ് 50ഓളം കണ്ണീർ വാതക ഷെല്ലുകളും 30 റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും, കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി ആർ പട്ടേൽ പറഞ്ഞു.
നഗരത്തിൽ പ്രശ്‌ന ബാധിതമായ 15 സ്ഥലങ്ങൾ കണ്ടെത്തി വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സുരക്ഷയ്‌ക്കായി സ്റ്റേറ്റ് റിസർവ് പൊലീസിന്‍റെ (എസ്ആർപി) രണ്ട് കമ്പനികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.