ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കുന്ന പുതിയ നിയമ നിര്‍മാണ വ്യവസ്ഥ പാര്‍ലമെന്‍റിന്‍റെ പരിധിയില്‍ വരുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇത്തരം വിവാഹങ്ങള്‍ക്കായി സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലെ വ്യവസ്ഥകളെ ഇല്ലാതാക്കുന്നത് രോഗത്തെക്കാള്‍ മാരകമായ കുറിപ്പടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്‍ററും സൊസൈറ്റി ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
വ്യത്യസ്‌ത മതങ്ങളില്‍ നിന്നുള്ള ആണിനെയും പെണ്ണിനെയും സംബന്ധിച്ചുള്ള വിവാഹ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് മതേതര നിയമമാണ്. എന്നാല്‍ സ്വവര്‍ഗ വിവാഹത്തില്‍ അങ്ങനെയല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന നിയമ സംവിധാനമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ടെന്നും അതിലെ പിഴവുകള്‍ താന്‍ കാണാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണിനും പെണ്ണിനും വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥകളാണ് സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലുള്ളത്. എന്നാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് റദ്ദാക്കുന്നത് പര്യാപ്‌തമല്ല. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വ്യത്യസ്‌ത മതവിഭാഗങ്ങളിലുള്ളവര്‍ക്ക് വിവാഹം ചെയ്യുന്നതിനായി രാജ്യത്ത് പ്രത്യേക നിയമങ്ങള്‍ ഇല്ലാതെ വരുമെന്നും ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സ്വവര്‍രാനുരാഗികളെ തിരിച്ചറിയുന്നതിനെയും സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കാണുന്നതിന് എതിരെയും കോടതി നടപടികളിലൂടെ ഏറെ മുമ്പോട്ട് പോയെന്നും എന്നാല്‍ വിവാഹം സംബന്ധിച്ച് വിഷയം പാര്‍ലമെന്‍റ് പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങള്‍ക്ക് മേല്‍ ജുഡീഷ്യല്‍ തീരുമാനങ്ങള്‍ക്ക് ഇടമില്ല. കാരണം പിന്തുടര്‍ച്ചാവകാശം അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ അതിന് പിന്നാലെ വരാനുണ്ടെന്നും അത് ജുഡീഷ്യറിക്ക് നേരിടാവുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വവര്‍ഗ വിവാഹ കേസിലെ ചീഫ് ജസ്റ്റിസിന്‍റെ വിധിയെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അപൂര്‍വമായ ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭരണഘടനാപരമായുള്ള തന്‍റെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലപാട് ഉറപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ധാര്‍മികതയ്‌ക്ക് പ്രധാന്യം നല്‍കിയാണ് ഒരു ജഡ്‌ജി തീരുമാനം കൈക്കൊള്ളുക. ഭരണഘടന അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്‌ഠിതമായ ഒന്നാണ് ഭരണഘടന ധാര്‍മികത.
യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിലെ സിജെഐയും അസോസിയേറ്റ് ജസ്റ്റിസുമായ സ്റ്റീഫൻ ബ്രെയർ ചടങ്ങിൽ സംസാരിച്ചു. ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്‍റർ ഡീനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ വില്യം എം ട്രെനറാണ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചത്.