കര്‍ണാടക: വിന്‍റേജ് ബൈക്കുകൾ യുവാക്കളുടെ ഹരമാണ് . റോഡിലൂടെ ഒരു യെസ്‌ഡിയൊ ചേതക്കൊ ജാവയോ പോകുന്നതു കണ്ടാൽ അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ കുറവായിരിക്കും. ബൈക്കോടിക്കൽ ഹരമാക്കിയ കർണാടക്കാരനായ റോഷന്‍ ഷെട്ടിയുടെ പക്കലുള്ള ബൈക്കുകൾ കണ്ടാല്ലും ആരും ഒന്നു കൊതിച്ചു പോകും. അദ്ദേഹത്തോടു വല്ലാത്തൊരു ആരാധനയും തോന്നും. സിവിൽ എഞ്ചിനീയറായ ഷെട്ടിയുടെ പക്കൽ 1960-കള്‍ മുതലുള്ള 30 വിന്‍റേജ് ബെക്കുകളുണ്ട്. ഷെട്ടിയുടെ ഗ്യാരേജിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ഈ പഴയ താരങ്ങളിൽ ജാവ, ലാമ്പ്രട്ട, റോയൽ എൻഫീൽഡ് തുടങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍ വരെയുണ്ട്. മണിപ്പാലിനടുത്തുള്ള അത്രാഡിക്കാരനായ റോഷൻ തന്‍റെ പക്കലുള്ള 30 വിന്‍റേജ് ബൈക്കുകളിൽ 25 എണ്ണവും ഇപ്പോഴും ഓടിക്കുന്നുണ്ട്. എന്നാൽ ഒരുപാട് കാലം ഓടി വിശ്രമ ജീവിതം നയിക്കുന്ന ബാക്കിയുള്ള അഞ്ച് ബൈക്കുകളെ പഴയ പ്രൗഡിയിൽ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമവും റോഷന്‍ നടത്തുന്നുണ്ട്. കുട്ടിക്കാലം മുതൽ റോഷൻ ഷെട്ടിക്ക് ബൈക്കുകളോട് വലിയ കമ്പമാണ്. പഠിച്ച് വളർന്ന് പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ബൈക്കുകൾ വാങ്ങാൻ ആരംഭിച്ചു. 10 വർഷം കൊണ്ട് വ്യത്യസ്ത കാലഘട്ടങ്ങിലുള്ള 30 ബൈക്കുകളാണ് ഈ ആരാധകൻ ശേഖരിച്ചത്.
1962 മോഡൽ ജാവ, 1969 മോഡല്‍ ലാമ്പ്രട്ട, 35 സിസിയുള്ള റോയല്‍ എന്‍ഫീല്‍ഡിന്‍റെ മൊഫ എന്നീ മോഡലുകൾ വളരെക്കുറച്ചു പേരുടെ അടുത്ത് മാത്രം ഉള്ളവയാണ്. ഈ അടുത്ത കാലത്ത് എത്തിച്ച ഹാര്‍ലി ഡേവിഡ്‌സണും ഷെട്ടിയുടെ ബൈക്ക് ശേഖരത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഒറ്റ ചവിട്ടിന് സ്റ്റാര്‍ട്ടാകുന്ന ഈ ബൈക്കുകളെല്ലാം ഷെട്ടിയുടെ പരിപാലത്തിൽ പൂർണ ആരോഗ്യവാൻമാരാണ്. ഷെട്ടി ഈ ബൈകക്കുകളെ നിരവധി മേളകളിലും ബൈക്കോട്ട മത്സരങ്ങളിലുമെല്ലാം ഇറക്കിയിട്ടുണ്ട്. എഫ്ആര്‍എം, കിങ്ങ്‌സ് റൈഡ്, മലനാട് ഡയറീസ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങളില്‍ റോഷൻ ഷെട്ടിയുടെ ബൈക്കുകള്‍ തകർത്തോടിയിട്ടുണ്ട്. ഷെട്ടി തന്‍റെ ബൈക്കുകളുമായി റോഡിലേക്കിറങ്ങിയാൽ പിന്നെ കണ്ണുകൾ പായുന്നത് ഷെട്ടിയെ കൊണ്ട് പേകുന്നു ഈ ബൈക്കുകൾക്ക് പിറകെയാണ്. എല്ലാ വൈകുന്നേരങ്ങളിലും ഈ എഞ്ചിനീയർ ഒരു ബൈക്കുമെടുത്ത് കറങ്ങാനിറങ്ങും. തന്‍റെ ചെറിയ യാത്രയിൽ കണ്ടു മുട്ടുന്നവരോട് ബൈക്കുകളെക്കുറിച്ച് വിശദീകരിക്കാനും ഷെട്ടി മറക്കാറില്ല. പഴയ മോഡൽ ബൈക്കുകളുടെ സ്‌പെയര്‍ പാര്‍ട്സുകള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് . എന്നാൽ തന്‍റെ ബൈക്കുകളുടെ കാര്യത്തിൽ ഇതൊന്നും ഷെട്ടിയെ ബാധിക്കാറില്ല. തന്‍റെ ബൈക്ക് ശേഖരണത്തെക്കുറിച്ച് കേട്ടറിഞ്ഞ് വരുന്നവർക്ക് കണ്ണു നിറയെ കാണാനായി വീടിന് മുന്നില്‍ ഒരു ബൈക്ക് ഷെഡ് പണിനായുള്ള ഒരുക്കത്തിലാണ് ഈ ബൈക്ക് പ്രേമി.