ഭുവനേശ്വർ: അതിർത്തികളില്‍ മാത്രമല്ല, മനുഷ്യന്‍റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കി സൈന്യം രാജ്യത്ത് എവിടെയും കാവലുണ്ട്. ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മരണത്തിന് മുന്നില്‍ നിന്ന് രണ്ട് ജീവനുകളെ തിരിച്ചെത്തിച്ച സുരക്ഷ ജോലിയിലുള്ള നാബ് കിഷോർ എന്ന സിഐഎസ്എഫ് സൈനികന് ഒഡിഷ ഗവർണർ പ്രശംസ പത്രം സമ്മാനിച്ചു. ഒഡിഷയിലെ നയാഗർ ജില്ലയിലെ വിനോദ്‌പാഡ സ്വദേശിയായ നാബ്‌കിഷോർ കഴിഞ്ഞ 5 വർഷമായി ഡൽഹി മെട്രോ സ്‌റ്റേഷനിൽ സുരക്ഷ ജോലിയിലുണ്ട്.
2021 ഓഗസ്റ്റ് മൂന്നിന് ഡൽഹിയിലെ ജനക്‌പുരി വെസ്റ്റ് മെട്രോ സ്‌റ്റേഷനിൽ വച്ച് 21കാരിയായ ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ട്രാക്കിലേക്ക് എടുത്തുചാടിയ യുവതിയെ നാബ്‌കിഷോർ ഉൾപ്പെടെ നാല് ജവാന്മാർ ചേർന്ന് അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. നഗ്നയായിരുന്ന യുവതിയെ മറ്റാരും കാണുന്നതിന് മുമ്പ് നാബ്‌കിഷോർ വസ്‌ത്രങ്ങൾ കൊണ്ട് മറയ്‌ക്കുകയും ചെയ്‌തു. ജവാൻ രക്ഷപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
ഇതേ വർഷം ഫെബ്രുവരി 28നും നാബ്‌കിഷോർ മറ്റൊരു രക്ഷാപ്രവർത്തനം നടത്തി. കളിക്കുന്നതിനിടെ മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററിന്‍റെ കൈവരിയിൽ കുടുങ്ങിയ 8 വയസുകാരിയെ അതിസാഹസികമായാണ് ജവാൻ രക്ഷപ്പെടുത്തിയത്. ധീരവും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങൾക്ക് സിഐഎസ്എഫ് ഐജിയുടെയും ഡൽഹി സർക്കാരിന്‍റെയും ഉൾപ്പെടെ നിരവധി സർട്ടിഫിക്കറ്റുകളും നാബ്‌കിഷോർ നായകിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
READ MORE: നെഞ്ചിടിപ്പിക്കുന്ന കാഴ്ച: 8 വയസുകാരി മെട്രോ സ്റ്റേഷന്‍റെ 25 അടി മുകളില്‍, രക്ഷിച്ച് ജവാൻ