മുംബൈ : സായ് ഇൻഫ്ര എന്‍റർടെയ്ൻമെന്‍റ്‌സും മെറാക്കിയൻസ് മീഡിയ ഹൗസും ചേർന്നൊരുക്കുന്ന സിനി സ്റ്റാർ ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ പതിപ്പിന് മുംബൈയിൽ തുടക്കമാകുന്നു. സിനിമ സീരിയൽ രംഗത്തെ പ്രശസ്‌തരായ 54 വനിത താരങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ലീഗിൽ 9 പേർ വീതമുള്ള ആറ് ടീമുകളാണ് ഉണ്ടാവുക. മത്സരങ്ങൾ 10 എപ്പിസോഡുകളുടെ സീരീസായി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
മുംബൈ മസ്‌താനി, റായ്‌പൂർ റാണീസ്, ബാംഗ്ലൂർ ബാൻഡിറ്റ്‌സ്, പട്യാല പടകാസ്, ഡൽഹി ഡയമണ്ട്‌സ്, ജോധ്പൂർ ജോധാസ് എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്. ബെനഫ്ഷ സൂനവല്ല, സായന്തനി ഘോഷ്, ശിവാനി സർവെ, സന ഖാൻ, പ്രാചി ടെഹ്‌ലാൻ, ജസ്വിർ കൗർ എന്നീ താരങ്ങൾ യഥാക്രമം ടീമുകളെ നയിക്കും. പ്രധാനമായും സ്‌ത്രീ ശാക്‌തീകരണവും ഫിറ്റ്നസുമാണ് സിനി സ്റ്റാർ ക്രിക്കറ്റിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
'ഫിറ്റ്നസിന് പ്രധാന്യം നൽകുന്ന ഷോയാണ് സിനി സ്റ്റാർ സെലിബ്രിറ്റി ലീഗ്. വിനോദം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കാനും കൂടിയാണ് ഷോ ഒരുക്കുന്നത്. ഇതിലൂടെ മറ്റ് പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാതൃകയാകാനും കായികരംഗത്തേക്ക് എത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വനിത ടീമിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു' - സിഎസ്‌സിഎൽ ഭാരവാഹികൾ അറിയിച്ചു.
താരങ്ങൾ അതത് ടീമുകൾക്കൊപ്പം ഒക്‌ടോബർ 11-ന് പരിശീലനം ആരംഭിക്കും. നവംബറിലാണ് മത്സരങ്ങൾ. അഫ്‌സാർ ഖാൻ, അമൻപ്രീത് കൗർ, അഞ്ജു ജാദവ്, അനുപ്രിയ ലക്ഷ്‌മി കട്ടോച്ച്, അനുപ്രിയ പർമർ, ആസ്‌മ സയ്യിദ്, ഗരിമ ജെയിൻ, ജിനാൽ ജോഷി, കൃഷ സിങ്, കീർത്തി ചൗധരി, കൃതിക തുലാസ്‌കർ, മാധവി നേംകർ, മഹിമ പ്രസാദ് തുടങ്ങിയ ജനപ്രിയ താരങ്ങൾ സിനി സ്റ്റാർ ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമാണ്.