ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ ഭൗതിക ശരീരം വെള്ളിയാഴ്‌ച സംസ്‌ക്കരിക്കും. ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ മാധുലിക റാവത്തിന്‍റെയും സംസ്ക്കാര ചടങ്ങുകള്‍ ഡൽഹി കന്‍റോൺമെന്‍റിലാണ് നടക്കുകയെന്ന് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്‌ച വൈകിട്ടോടെ ഡല്‍ഹിയിലെത്തിക്കുന്ന ഇരുവരുടേയും ഭൗതിക ശരീരം വെള്ളിയാഴ്‌ച സ്വവസതിയിലെത്തിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആളുകളെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും.
തുടർന്ന് കാമരാജ് മാർഗിൽ നിന്ന് വിലാപയാത്രയായി ഡൽഹി കന്‍റോൺമെന്‍റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലെത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിക്കുകയെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നത്. കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹെലികോപ്റ്റര്‍ തകർന്നുവീഴുകയായിരുന്നു.