ഹൈദരാബാദ്: സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ലക്ഷങ്ങൾ മുടക്കിയാണ് എല്ലാവരും സ്വന്തമായി വാഹനം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുക. എന്നാൽ ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങിയാലും മിക്കവരും വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി എടുക്കുക എന്ന ചെറിയ കാര്യം അവഗണിക്കും.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിന് ശേഷം മാത്രമാണ് ഇൻഷുറൻസ് എടുക്കാത്തതിൽ ഖേദിക്കുന്നത്. തുടർന്ന് ഇൻഷുറൻസ് എടുക്കാനുള്ള തത്രപ്പാടിലായി. ചിലർ ഇൻഷുറൻലസ് ഇല്ലാത്തതിന്‍റെ അനന്തര ഫലങ്ങൾ അറിഞ്ഞതിനു ശേഷം പോയി ഇൻഷുറൻസ് എടുക്കുമെങ്കിൽ മറ്റ് ചിലർ ഇൻഷുറൻസ് കമ്പനികളെ സമീപിക്കുകയാണ് ചെയ്യുന്നത്.
കൊവിഡ് കാലത്ത് ആളുകളുടെ യാത്രാരീതിയിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായത്. കൊവിഡ് വ്യാപനം ഭയന്ന് പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ആളുകൾ പൊതുവേ കുറച്ചു. ഈ സാഹചര്യത്തിൽ സ്വന്തം വാഹനത്തിലാണ് ഒട്ടുമിക്കയാളും ഇപ്പോൾ യാത്ര ചെയ്യുന്നത്. കൊവിഡ് വന്നതോടെ സ്വന്തമായി വാഹനം വാങ്ങുന്നവരുടെ എണ്ണവും കൂടി.
വാഹന ഇൻഷുറൻസ് നിർബന്ധം
നിയമം അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് എടുക്കുന്ന പ്രവണത ഉപേക്ഷിക്കണം. ചെറിയ അപകടമുണ്ടായാൽ പോലും അവ വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്.
പ്രധാനമായും രണ്ട് തരത്തിലുള്ള ഇൻഷുറൻസ് ആണുള്ളത്. സമഗ്ര ഇൻഷുറൻസും തേർഡ് പാർട്ടി ഇൻഷുറൻസും. നിരത്തിൽ ഇറക്കുന്നതിന് വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. വാഹന ഇൻഷുറൻസ് പോളിസികൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. പോളിസികൾ പുതുക്കാൻ ഇപ്പോൾ പലരും ഓൺലൈൻ മാർഗമാണ് തെരഞ്ഞെടുക്കുന്നത്. ഓൺലൈനായി ഇൻഷുറൻസ് പുതുക്കുന്നവരെ സഹായിക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികൾക്ക് ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ട്.
എന്നാൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എന്നാൽ പോളിസി എടുക്കാനുള്ള തിരക്കിൽ പലരും ഇത്തരം കാര്യങ്ങൾക്കൊന്നും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ പോളിസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസിലാക്കിയ ശേഷം നിങ്ങൾക്ക് അനുയോജ്യമായ പോളിസി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം.
സപ്ലിമെന്‍ററി പോളിസി?
പ്രീമിയം കുറവായത് കൊണ്ടുമാത്രം ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കരുത്. ക്ലെയിം സെറ്റിൽമെന്‍റിനെ കുറിച്ചും സേവനങ്ങളെ കുറിച്ചും കമ്പനി പൂർണമായും മനസിലാക്കിയതിന് ശേഷം മാത്രമേ പോളിസി തെരഞ്ഞെടുക്കാവൂ. അടിസ്ഥാന പോളിസിയിൽ മറ്റെന്തെങ്കിലും ചേർക്കുകയാണെങ്കിൽ(Supplementary policy) ചെറിയൊരു തുക നിങ്ങൾക്ക് അധികം അടക്കേണ്ടി വന്നെന്ന് വരാം.
എന്നാൽ മിക്കവരും ഇത് ഒഴിവാക്കാൻ അത്തരം പോളിസികൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് തെറ്റായ നീക്കമാണ്. ചിലപ്പോൾ വാഹനത്തിനോ എഞ്ചിനോ തകരാർ ഉണ്ടാകുകയാണെങ്കിൽ സപ്ലിമെന്‍ററി പോളിസികൾ വാഹനങ്ങൾക്ക് പരിരക്ഷ നൽകും. എന്നാൽ സപ്ലിമെന്‍ററി പോളിസികൾ എത്രത്തോളം ആവശ്യമുണ്ടെന്ന് അറിഞ്ഞിരിക്കണം.
കൃത്യസമയത്ത് പുതുക്കുക
കാലാവധി അവസാനിക്കുന്നതിന് മുൻപ് പോളിസി പുതുക്കണം. അല്ലെങ്കിൽ നോ ക്ലെയിം ബോണസ് നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ പുതിയ കാർ വാങ്ങുകയാണെങ്കിൽ പഴയ വാഹനങ്ങൾ എൻസിബിയിലേക്ക് മാറ്റാൻ സാധിക്കും. അത് സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ചോദിച്ചു മനസിലാക്കുക.
ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, വാഹനത്തിന്‍റെയും ഉടമയുടെയും വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക. നിങ്ങൾ കണ്ടെത്തുന്ന അപാകതകൾ ഉടൻതന്നെ ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തണം. പൂർണ ശ്രദ്ധയോടെ വേണം ഇൻഷുറൻസ് പോളിസി എടുക്കാൻ.