ബിലാസ്‌പൂര്‍ : ബോളിവുഡ് വിവാഹത്തിന് സാക്ഷ്യം വഹിച്ച് ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂര്‍. 'ചക് ദേ ഇന്ത്യ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ചിത്രാഷി റാവത്തും ബോളിവുഡ് നടൻ ധ്രുവാദിത്യ ഭഗ്‌വാനാനിയും വിവാഹിതരായി. ബിലാസ്‌പൂരിലെ സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹം ചക് ദേ ഇന്ത്യ ചിത്രത്തിലെ താരങ്ങളുടെ കൂടിച്ചേരലുമായി.
ഏകദേശം 11 വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിലായിരുന്നു തങ്ങളെന്ന് ചിത്രാഷി റാവത്ത് പറഞ്ഞു. വെള്ളിയാഴ്‌ച ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ നടന്നിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുകള്‍ വച്ചാണ് ചിത്രാഷി മണ്ഡപത്തില്‍ എത്തിയത്. ചിത്രാഷിയെ ധ്രുവാദിത്യ തന്നെയാണ് ആനയിച്ചത്. താന്‍ ഛത്തീസ്‌ഗഡിന്‍റെ മരുമകളായെന്ന് ചിത്രാഷി വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങള്‍ ഒരു പാട് വര്‍ഷമായി പരസ്‌പരം ദമ്പതികളെ പോലെയാണ് ജീവിച്ചത്. വിവാഹം കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമുള്ള ഒരു ഔപചാരികത മാത്രമായിരുന്നെന്നും ധ്രുവാദിത്യ പറഞ്ഞു. താന്യ അബ്രോള്‍, ശുഭി മേത്ത, ശില്‍പ ശുക്ല, ശ്രുതി പന്‍വാര്‍, സീമ ആസ്‌മി, ഡെല്‍നാസ് തുടങ്ങിയ ബോളിവുഡ് അഭിനേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.