കിഷൻഗഞ്ച്: ബിഹാറിലെ കിഷൻഗഞ്ചിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വച്ച് ശാസ്ത്ര സീമ ബൽ (എസ്എസ്ബി) ജവാൻമാർ പിടികൂടിയ ചൈനീസ് പൗരൻ ചാരനെന്ന് സംശയിക്കുന്നു (Chinese National Arrested). ചോദ്യം ചെയ്യലിൽ ഡാർജിലിംഗിലെ വിലാസത്തിലുള്ള ഇന്ത്യൻ പാസ്‌പോർട്ട് പോലീസ് കണ്ടെടുത്തുവെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി (Suspected to be spy). കൂടാതെ ചൈനീസ് വിസ, 1.43 ലക്ഷം, 62,000 രൂപയുടെ ഇന്ത്യനും നേപ്പാൾ കറൻസി നോട്ടുകളും ചില രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. പാസ്‌പോർട്ടില്‍ ഗോംബോ തമാങ് എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്.
വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 12) വൈകുന്നേരം കിഷൻഗഞ്ചിലെ താക്കൂർഗഞ്ച് വാട്ടർ ടാങ്കിന് സമീപമുള്ള അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംശയാസ്‌പദമായി ചൈനീസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്‌തത്. ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് എസ്എസ്ബി ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്‌തു.
ഇന്ത്യൻ പാസ്‌പോർട്ടും ചൈനീസ് വിസയും കറൻസി നോട്ടുകളും ഇയാൾ കൈവശം വച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡാർജിലിംഗ് പോലീസ് ഇയാളുടെ പാസ്‌പോർട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അതിൽ കൊടുത്തിരിക്കുന്ന വിലാസവും തെറ്റാണെന്ന് കണ്ടെത്തി. ഇത് ഇന്ത്യയിലേക്ക് കടക്കാനുള്ള ഉദ്ദേശത്തെക്കുറിച്ച് സംശയം ഉളവാക്കി. ഈ കാരണത്താലാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതിർത്തിയിലെ ഔട്ട്‌പോസ്റ്റിലെ എസ്എസ്ബി ഉദ്യോഗസ്ഥർക്ക് 40,000 രൂപ കൈക്കൂലി നൽകാൻ ഇയാൾ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ ചൈനീസ് പൗരനാണെന്ന് സ്ഥിരീകരിച്ചതായി എസ്എസ്ബി ഓഫീസർ എൽടി തമാങ് പറഞ്ഞു. ചാരനാണെന്ന് സംശയിച്ച് എസ്എസ്ബി ഇയാളെ അറസ്റ്റ് ചെയ്‌തു. തുടർ നടപടികൾക്കായി പശ്ചിമ ബംഗാളിലെ ഖോഡിബാരി പോലീസിന് കൈമാറി.
ചാര ബലൂണ്‍: ഇന്ത്യയും ജപ്പാനും ഉൾപ്പടെ നിരവധി രാജ്യങ്ങൾ ലക്ഷ്യമിട്ട് ചൈന ചാര ബലൂണുകൾ പ്രവർത്തിപ്പിച്ചതായി അമേരിക്കന്‍ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ (ഫെബ്രുവരി 8). രാജ്യത്തെ സെൻസിറ്റീവ് ഇൻസ്റ്റാളേഷനുകൾക്ക് മുകളിലൂടെ പറന്ന ചൈനയുടെ നീരീക്ഷണ ബലൂൺ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെയാണ് റിപ്പോർട്ട്. ശനിയാഴ്‌ചയാണ് യുഎസ് അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ സൗത്ത് കരോലിന തീരത്ത് ബലൂൺ വെടിവച്ചിട്ടത്.
എന്നാൽ ചൈന തന്ത്രപരമായി മറ്റു രാജ്യങ്ങളിലെ രഹസ്യവിവരങ്ങൾ ശേഖരിക്കാനാണ് ബലൂണുകൾ ഉപയോഗിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാവിക സൈനിക താവളമുള്ള ചൈനയുടെ തെക്കൻ തീരത്തെ ഹൈനാൻ പ്രവിശ്യയിൽ നിന്നുമാണ് ബലൂണുകൾ പറത്തിയത്. ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ സൈനിക ബലം പരിശോധിക്കാനാണ് ചൈന ശ്രമം നടത്തിയതെന്ന് വിശ്വസിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ചാരപ്രവർത്തിയെ കുറിച്ചുള്ള വിവരം യുഎസ് 40 ഓളം എംബസികളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയ്‌ക്കും വെനസ്വേലയ്‌ക്കും മുകളിൽ രണ്ടാമത്തെ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡൊണാൾഡ് ട്രംപിന്‍റെ ഭരണകാലത്ത് രാജ്യത്തിന് മുകളിലൂടെ മൂന്ന് ചൈനീസ് ബലൂണുകൾ പറന്നിരുന്നെങ്കിലും ചാര ബലൂണുകളാണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്.