ഹൈദരാബാദ്: സമ്മതമില്ലാതെ പണമയച്ച് അതിന്‍റെ പലിശയടക്കം തിരികെ ആവശ്യപ്പെട്ട ചൈനീസ് മൊബൈല്‍ ലോണ്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് ഹൈദരാബാദ് പൊലീസ്. ഹൈദരാബാദില്‍ നേഴ്‌സിങ് വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനീസ് പൗരന്‍മാരാണ് ഈ മൊബൈല്‍ ആപ്പ് നിയന്ത്രിക്കുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ മുഷീരബാദില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ അയക്കപ്പെടുകയായിരുന്നു. അരാണ് പണമയച്ചത് എന്ന് കണ്ടെത്തി തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ വിളിക്കുകയും പലിശയടക്കം 80,000 രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടില്‍ എത്തി ഒരാഴ്‌ച കഴിയുന്നതിനിടയിലാണ് മുപ്പതിനായിരം രൂപ പലിശയായത്.
തന്‍റെ സമ്മതം കൂടാതെ അയച്ച പണത്തിന് പലിശ നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ഥിനിയുടെ നഗ്‌ന ചിത്രങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്‌ത നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയുമായിരുന്നു. പലിശയടച്ചില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കി. അതിന് ശേഷമാണ് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയത്.
ഈ ആപ്പ് നിയന്ത്രിക്കുന്ന ചൈനീസ് പൗരന്‍മാര്‍ നിലവില്‍ ഇന്ത്യയില്‍ ഇല്ല എന്നാണ് അന്വേഷണത്തില്‍ മനസിലായത്. നാലര ലക്ഷം ആളുകളുടെ വിവരങ്ങള്‍ അവരുടെ കൈവശമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ ആപ്പ് വഴി മുന്‍പ് ലോണെടുത്ത് തിരിച്ചടച്ചവര്‍ക്ക് വീണ്ടും സന്ദേശങ്ങള്‍ അയക്കുകയും ലോണ്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വായ്‌പ ആവശ്യമില്ല എന്ന് പറഞ്ഞവരുടെ അക്കൗണ്ടില്‍ പോലും ഈ ലോണ്‍ ആപ്പ് കമ്പനി പണമയച്ച് അവരില്‍ നിന്ന് പിന്നീട് പലിശയടക്കം കൈപറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് സമ്മതമില്ലാതെ വായ്‌പ നല്‍കിയത്.
രണ്ട് മാസത്തിനുള്ളില്‍ 75,000 ആളുകള്‍ക്ക് ഇങ്ങനെ വായ്‌പ കൊടുക്കുന്നതിനായി ഒരു സഹകരണ ബാങ്കില്‍ കമ്പനി അക്കൗണ്ട് എടുത്തിട്ടുണ്ടെന്നാണ് ഹൈദരാബാദ് പൊലീസിന് ലഭിച്ച വിവരം. ഈ ആപ്പ് നിയന്ത്രിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ റെഡ്കോര്‍ണര്‍ നോട്ടീസ് അയക്കാനാണ് പൊലീസ് തീരുമാനം.