ന്യൂഡൽഹി : താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. രാജ്യത്തിന്‍റെ വിധി നിശ്ചയിക്കാനുള്ള അഫ്‌ഗാൻ ജനതയുടെ തീരുമാനത്തെ ചൈന ബഹുമാനിക്കുന്നുവെന്നും സൗഹൃദ ബന്ധത്തിന് ചൈന തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ്.
കാബൂളിലെ ചൈനീസ് എംബസി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എംബസിയിൽ നിന്ന് ചൈനീസ് പൗരന്മാർ തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവിടെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
READ MORE: താലിബാൻ അഫ്‌ഗാന്‍റെ നിയന്ത്രണം കയ്യാളുമ്പോൾ പ്രതികരണവുമായി ലോകനേതാക്കൾ
അതേസമയം ഇന്ത്യ താലിബാന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അന്താരാഷ്‌ട്ര സമൂഹത്തെ ഒരുമിച്ച് നിർത്തി ശക്തമായ പ്രതിരോധം തീർക്കണമെന്നും തിങ്ക്‌ടാങ്ക് വിദഗ്‌ധൻ ഡോ.സുവ്‌റോ കമാൽ ദത്ത പറഞ്ഞു.
റഷ്യ, യൂറോപ്യൻ യൂണിയൻ, സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ ഏകോപിപ്പിച്ച് ഇതിനായുള്ള നീക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെക്കുറിച്ച് വലിയ പ്രതീക്ഷകളില്ലെന്നും അവര്‍ സൃഷ്‌ടിച്ചതാണ് ഈ പ്രശ്‌നമെന്നും ദത്ത ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കീഴിൽ യുഎസ് സെക്യൂരിറ്റി കൗൺസിലിന്‍റെ അടിയന്തരയോഗം നടക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.