ജയ്‌പൂർ: കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ കുട്ടികളുടെ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നുവെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ. ജെ കെ ലോൺ ആശുപത്രിയിലെ 600 കിടക്കകൾ കൊവിഡ് രോഗികൾക്കായി നീക്കിവക്കുമെന്നും ഡോ. ശർമ പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം കൂടുതൽ കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ 200ഓളം ഐസിയു കിടക്കകൾ കൂടി ഉടൻ തന്നെ ജെ കെ ലോൺ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ 600 കിടക്കകളും ഐസിയു കിടക്കകളാക്കി മാറ്റാമെന്നും ആശുപത്രിയിലെ എല്ലാ കിടക്കകളും കേന്ദ്രീകൃത ഓക്സിജൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്‍റിന്‍റെ പണി പൂർത്തിയായാൽ ആശുപത്രിയിൽ 1500 ലിറ്റർ ഓക്സിജൻ ശേഷിയുണ്ടാകുമെന്നും കൊവിഡ് ചികിത്സക്കുള്ള തയാറെടുപ്പുകൾ 200 കിടക്കകളുള്ള നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജസ്ഥാനിൽ നിലവിൽ 3,079 സജീവ കൊവിഡ് കേസുകളുണ്ട്. ഇതുവരെ 9,39,131 പേർ രോഗമുക്തി നേടുകയും 8,895 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.