ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ട്വിറ്ററിനും ഡൽഹി പൊലീസിനും സമൻസ് അയച്ച് സംസ്ഥാന വനിത കമ്മീഷൻ. സമൻസിനോട് പ്രതികരിക്കാൻ സെപ്‌തംബർ 26 വരെ ഇരുവർക്കും സമയം നൽകിയിട്ടുണ്ടെന്ന് ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മലിവാൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകൾ ഇപ്പോഴും എങ്ങനെ പ്രചരിക്കുന്നുവെന്ന് വിശദീകരിക്കാൻ ട്വിറ്റർ ഇന്ത്യയുടെ മേധാവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് അറിയണം. ഒപ്പം ഇന്ത്യൻ നിയമം അവർ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുമുണ്ട് - സ്വാതി മലിവാൾ പറഞ്ഞു.
നൂറുകണക്കിന് ട്വിറ്റർ ഹാൻഡിലുകളിലൂടെയാണ് പെൺകുട്ടികളുടെയും സ്ത്രീകളുടെയും പോൺ വീഡിയോകൾ ഷെയർ ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത്. 20 രൂപയ്ക്ക് വിൽക്കുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ക്ലിപ്പുകൾ ദൃശ്യമായത്. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടെത്തുമെന്നും ഇവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്വാതി മലിവാൾ അറിയിച്ചു.