ന്യൂഡൽഹി : അഞ്ച് വയസുകാരന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്ക്. ഡൽഹിയിലെ ഷാഹ്‌ദാര ജില്ലയിലാണ് സംഭവം. ഡൽഹി സ്വദേശിയായ മൊഹിബിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മുറിയിലേയ്‌ക്ക് അയൽവാസിയുടെ വളർത്തുനായ കയറി ചെന്ന് കയ്യിൽ കടിച്ചു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന വീട്ടുകാർ നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് സർ പർമാനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ യശ്‌പാലിന്‍റെ ലാബ്ര ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്.
അതേസമയം യാതൊരു സുരക്ഷ ക്രമീകരണവും ഇല്ലാതെയാണ് യശ്‌പാൽ റോഡിലൂടെ നായയുമായി നടന്നിരുന്നതെന്ന് മൊഹിബിന്‍റെ കുടുംബം ആരോപിച്ചു. കൂടാതെ സംഭവസമയത്ത് നായയുടെ ഉടമ അവിടെയുണ്ടായിരുന്നുവെന്നും ആക്രമണം നടന്നപ്പോൾ കുട്ടിയെ രക്ഷിക്കാൻ ഇയാൾ ശ്രമിച്ചില്ലെന്നും കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തിൽ നായയുടെ ഉടമയായ യശ്‌പാലിനെ അറസ്‌റ്റ് ചെയ്‌തതായി ഷാഹ്‌ദാര പൊലീസ് അറിയിച്ചു.
നിഹാലിന്‍റെ ജീവനെടുത്ത് തെരുവ് നായകൾ : കഴിഞ്ഞ ദിവസം കേരളത്തിൽ ഭിന്നശേഷിക്കാരനായ നിഹാല്‍ നൗഷാദ് (11) തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വീടിന് സമീപം ആളൊഴിഞ്ഞ മുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായകള്‍ നിഹാലിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് അരക്കിലോമീറ്റര്‍ അകലെ നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തല മുതല്‍ പാദം വരെ നായയുടെ കടിയേറ്റിരുന്ന കുട്ടിയുടെ അരയ്ക്ക് താഴേക്ക് അതീവ ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. സംസാര ശേഷിയില്ലാത്തതിനാല്‍, നിഹാലിന് ആക്രമണം നടന്നപ്പോൾ ഒച്ചയുണ്ടാക്കാനും കഴിഞ്ഞിരുന്നില്ല. അതിനാല്‍ സമീപത്തുളള ആരും തന്നെ കുട്ടിയെ നായ്‌ക്കൾ ആക്രമിക്കുന്നത് അറിയാതെപോയതാണ് മരണത്തിന് കാരണമായത്.
also read : കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; മരിച്ചത് ഭിന്നശേഷിയുള്ള കുട്ടി
പെണ്‍കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം : ഉത്തര്‍ പ്രദേശിലെ ലക്‌നൗവിൽ രണ്ട് പെണ്‍കുട്ടികള്‍ തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരകളായിരുന്നു. ദീപു സോങ്കറിന്‍റെ മകളായ പരിധി സോങ്കർ(9), ദീപുവിന്‍റെ സഹോദരനായ റിടേഷ് സോങ്കറിന്‍റെ പത്ത് വയസുകാരിയായ മകള്‍ എന്നിവര്‍ക്ക് നേരെയായിരുന്നു തെരുവുനായ്‌ക്കളുടെ ആക്രമണം. വീടിന്‍റെ പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കൂട്ടമായി എത്തിയ തെരുവുനായ്‌ക്കള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ കരയുന്നത് കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. എന്നാൽ അപ്പോഴേയ്‌ക്കും നായകള്‍ പെണ്‍കുട്ടികളെ വലിച്ചിഴച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പെണ്‍കുട്ടികളെ നായ്‌ക്കളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.