ബെംഗളൂരു : കസുവിനഹള്ളിയിൽ മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു (Child died after being hit by a car). നേപ്പാൾ സ്വദേശികളായ ജോഗ് ജുതാറിന്‍റെയും അനിതയുടെയും മകൾ അർബിനയാണ് (3) മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ വീണ് അപകടം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ സംശയം തോന്നിയ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഡിസംബർ 9നാണ് അപകടം ഉണ്ടായത്. കസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്മെന്‍റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരന്‍റെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസമയം ആരും സമീപത്ത് ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടി വീണുകിടക്കുന്നത് കണ്ട് രക്ഷിതാക്കൾ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
കളിക്കുന്നതിനിടയിൽ കുട്ടി വീണതാകുമെന്നാണ് ആദ്യം രക്ഷിതാക്കൾ കരുതിയത്. അപകടത്തിൽ കുട്ടിയുടെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. എന്നാൽ, നിംഹാൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി മരിച്ചു.
ആന്തരിക രക്തസ്രാവം മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഡിസംബർ 10ന് ബെല്ലാന്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപ്പാർട്ട്മെന്‍റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് കുട്ടിയെ കാർ ഇടിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി കേസ് ബെല്ലാന്തൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Also read: Accident | യു-ടേൺ എടുക്കുന്നതിനിടെ കാറിടിച്ചു ; കാൽനട യാത്രക്കാരന് നടുറോഡിൽ അന്ത്യം
യു-ടേൺ എടുക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു: ബെംഗളൂരുവിൽ തന്നെയായിരുന്നു യു-ടേൺ എടുക്കുന്നതിനിടെ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. യു-ടേൺ എടുക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പയാണ് (55) മരിച്ചത്. കർണാടകയിലെ രാജാജി നഗർ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
കൃഷ്‌ണപ്പ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നാട്ടുകാരാണ് അപകട വിവരം പൊലീസിൽ അറിയിച്ചത്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ കാർ ഡ്രൈവറെ പൊലീസ് പിടികൂടി.