ന്യൂഡല്‍ഹി : കെ റെയില്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ കാര്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവ പൂര്‍വം കേട്ടെന്നും ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും കൂടിക്കാഴ്ചക്ക് ശേഷം കേരളഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര അനുമതി വേഗത്തില്‍ ലഭിക്കാന്‍ ചര്‍ച്ച ഉപകാരപ്പെടും. ഔദ്യോഗികമായല്ലെങ്കിലും റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി പദ്ധതിയുടെ കാര്യങ്ങള്‍ക്കായി കാണുമെന്ന് അറിയിച്ച കാര്യം റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഗതാഗത സംവിധാനത്തില്‍ ഏറെ പ്രശ്നങ്ങളുള്ള നാടാണ് കേരളം.വേഗതയുള്ള സുരക്ഷിതമായ യാത്രാസംവിധാനം വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പുണ്ട്. എതിര്‍ക്കുന്നവര്‍ക്കും ഈ അഭിപ്രായമാണ്.
കെ റെയില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തും : സംസ്ഥാനത്തെ വാഹന സാന്ദ്രത ഉയര്‍ന്നതാണ്. വളവുകളും ഭൂപ്രകൃതിയും റോഡ് ഗതാഗത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാസംവിധാനം സംസ്ഥാനത്തിന് ആവശ്യമാണ്.
ദേശീയ പാതാ സ്ഥലമേറ്റെടുപ്പ് വൈകിയത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. സംസ്ഥാനത്ത് ജലപാത വികസനം സാധ്യമാക്കും. കേരളത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്‍റെ ഭാഗമായി കൂടിയാണ് കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ ലൈന്‍ പദ്ധതി തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: പ്രധാനമന്ത്രി - മുഖ്യമന്ത്രി കൂടിക്കാഴ്ച: മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
പീയുഷ് ഗോയല്‍ റെയില്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നല്‍കിയ കത്തില്‍ പദ്ധതി തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഡി.പി.ആര്‍ റെയില്‍വേ വകുപ്പിന്‍റെ പരിഗണനക്കായി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് ആവശ്യപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ സമര്‍പ്പിച്ചു.
പാരിസ്ഥിതിക ആശങ്കകള്‍ പരിഗണിക്കും : എല്ലാ പാരിസ്ഥിതിക ആശങ്കകളും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. 530.45 കിലോമീറ്ററില്‍ 88.4 കിലോ മീറ്റര്‍ ഭൂതലത്തില്‍ നിന്നും ഉയര്‍ത്തിയ ദീര്‍ഘ പാലങ്ങളായിരിക്കും. 13 കിലോ മീറ്റര്‍ പാലം, 11.5 കിലോമീറ്റര്‍ തുരംഗം എന്നവയിലൂടെയാണ് ട്രെയിന്‍ കടുന്നുപോകുക. പരിസ്ഥിതി സംരക്ഷിക്കാനാണ് പാത ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി പാത കടന്നു പോകുന്നില്ല. നദീതടങ്ങളുടെ നീരൊഴുക്ക് തടസപ്പെടുത്തില്ല. പാരിസ്ഥിതിക ആഘാത പഠനം ഒരു വര്‍ഷത്തിനകം നടത്തും. അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതിയിലൂടെ സാധിക്കും.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും : ഹരിതോര്‍ജം ഉപയോഗിച്ചാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തിക്കുക. ഗ്രാമീണ റോഡുകളുള്‍പ്പടെ എല്ലാ റോഡുകളിലും സബ് വേകള്‍ ഒരുക്കും. പ്രദേശവാസികളുടെ ആവശ്യാനുസരണം ഓരോ 500 മീറ്ററിലും ഇടനാഴികള്‍ ഒരുക്കും.
9394 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിന്‍റെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കും. നിലവില്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനമാണ്. ഇതിലൂടെ ആരുടെയൊക്കെ ഭൂമിയും കെട്ടിടവും പോകുമെന്ന് വ്യക്തമാകും. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിനല്ല, ആരെയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്നം മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി നാഷണല്‍ റെയില്‍ പദ്ധതിയുടെ ഭാഗം : ഇത് 2030 ഓടെ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ കേന്ദ്രം വേഗത്തില്‍ അനുമതി നല്‍കിയാല്‍ പണികള്‍ വേഗത്തില്‍ തുടങ്ങും. നാഷണല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പൈപ്പ് ലൈന്‍, പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടേയും ഭാഗമാണ്.
അതിനാല്‍ തന്നെ പ്രധാനമന്ത്രി ഇടപെടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പദ്ധതികളും തുടങ്ങുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. നിലവില്‍ പ്രതിഷേധിക്കുന്നവര്‍ ജനങ്ങളാണെന്ന് ആരും കരുതേണ്ട. രാഷ്ട്രീയ പ്രേരിതമായാണ് ഇപ്പോഴത്തെ സമരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനവ്യാപകമായി കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പദ്ധതിക്ക് അംഗീകാരം തേടി കെ-റെയില്‍ എം.ഡി അജിത്കുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരമായും തുടര്‍ ചര്‍ച്ചകള്‍ നടക്കും.
വിവിധ ജില്ലകളില്‍ ശക്തമായ കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുകയാണെങ്കിലും പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്നാണ് സി.പി.എം നിലപാട്. പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്നാണ് കെ-റെയില്‍ വിരുദ്ധ സമിതി പ്രക്ഷോഭങ്ങളില്‍ വ്യക്‌തമാക്കുന്നത്.
ഇതിനെ മറികടക്കാന്‍ അതിവേഗം പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.