ന്യൂഡല്‍ഹി: കോടതി നടപടികളിലെ ജനകീയതക്ക് എന്നും പ്രാധാന്യം നൽകിയ ന്യായാധിപൻ. ആരെയും ഭയപ്പെടാതെ ചങ്കൂറ്റത്തോടെയുള്ള വിധി പ്രസ്‌താവന. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ ഇന്ന്(26.08.2022) വിരമിക്കും.
രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യ ന്യായാധിപനായി ഒന്നര വര്‍ഷത്തെ സേവനം അനുഷ്‌ഠിച്ച ശേഷമാണ് ജസ്‌റ്റിസ് രമണ പടിയിറങ്ങുന്നത്. 2021 മാര്‍ച്ച് 24നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍ വി രമണ ചുമതലയേറ്റത്.
ചീഫ് ജസ്‌റ്റിസായിരുന്ന എസ് എ ബോബ്‌ഡെയുടെ പിന്‍ഗാമിയായിട്ടാണ് രമണയുടെ നിയമനം. സുപ്രീം കോടതിയില്‍ എട്ട് വര്‍ഷം ജസ്‌റ്റിസ് രമണ ന്യായാധിപനായി പ്രവര്‍ത്തിച്ചു. 2014 ലാണ് ജസ്‌റ്റിസ് രമണ സുപ്രീം കോടതി ജസ്‌റ്റിസായി നിയമിതനാകുന്നത്.
ജനനം കർഷക കുടുംബത്തിൽ: 1957 ഓഗസ്‌റ്റ് 27 ന് ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍ വി രമണയുടെ ജനനം. നുതലപാട്ടി ഗണപതി റാവു, സരോജിനി ദേവി എന്നിവരാണ് മാതാപിതാക്കൾ.
ബിരുദ പഠനത്തിനുശേഷം നാഗാർജുന സര്‍വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. ആന്ധ്രയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് എൻ.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്‌റ്റിസായിരുന്ന സുബ്ബ റാവു ആയിരുന്നു ആന്ധ്രാപ്രദേശിൽ നിന്ന് ഈ പദവിയിലേക്ക് എത്തിയ ആദ്യ വ്യക്തി.
അഭിഭാഷക ജീവിതത്തിലേക്ക്: മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് എൻ വി രമണ ന്യായാധിപനായി മാറുന്നത്. കാലം പിന്നോട്ട് സഞ്ചരിച്ച് 1979ൽ എത്തിയാൽ ഈനാട് പത്രത്തിന്‍റെ റിപ്പോർട്ടറായ എൻ വി രമണയെ കണ്ടുമുട്ടും. 2013ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജി, 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് 2014ൽ സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാനമേറ്റത്. 2021 ഏപ്രിൽ 24ന് ചീഫ് ജസ്‌റ്റിസ് പദവിയിലെത്തി.
സുപ്രീം കോടതിയില്‍ ജസ്‌റ്റിസായി ഏഴ് വര്‍ഷമാണ് എന്‍ വി രമണ പ്രവര്‍ത്തിച്ചത്. അധ്യക്ഷനായും സഹജഡ്‌ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പുറപ്പെടുവിച്ചത്. അതിലേറെയും ക്രിമിനൽ കേസുകളിൽ. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പുറപ്പെടുവിച്ചത്.
സുപ്രധാന വിധികൾ: നിരവധി പ്രധാന കേസുകളിൽ വിധി പറഞ്ഞാണ് ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് എൻ വി രമണ പടിയിറങ്ങുന്നത്. ചീഫ് ജസ്‌റ്റിസിന്‍റെ ഓഫിസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ച വിധികളിൽ പ്രധാനം. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാൻ അദ്ദേഹം കേന്ദ്രത്തിന് നിർദേശം നൽകി.
ലഖിംപൂർഖേരി കേസ്, ജമ്മു കശ്‌മീരിലെ ഇന്‍റർനെറ്റ് നിരോധനം നീക്കിയ വിധി, അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ വിധി, പെഗസസ് പരാതികൾ അന്വേഷിക്കാൻ സമിതി, പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷ വീഴ്‌ച പരിശോധിക്കാൻ സമിതി തുടങ്ങി നിരവധി സുപ്രധാന കേസുകൾക്കാണ് എൻ.വി.രമണ വിധി പ്രസ്‌താവിച്ചത്. എൻ.വി.രമണയുടെ അഭിഭാഷക ജീവിതത്തിലെ തിളക്കമേറിയ വിധി ന്യായങ്ങളാണിത്.
രാജ്യദ്രോഹകേസുകൾ വേട്ടയാടൽ ആയപ്പോൾ അതിര് നിശ്ചയിച്ച ജസ്‌റ്റിസ് രമണ സീൽഡ് കവർ സംസ്‌കാരത്തെ സുപ്രീം കോടതിയുടെ പടിക്കു പുറത്ത് നിർത്തി. ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന ഉത്തരവ്, ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് നോട്ടിസ്, ഹർജി ഫയൽ ചെയ്യാതെ തന്നെ ഡൽഹി ഷഹീൻ ബാഗിലെ പൊളിക്കൽ, പെഗാസസ് റിപ്പോർട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായിരുന്നു.
പടിയിറക്കം ചരിത്ര നിമിഷത്തിലൂടെ: സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കൽ ദിനത്തിൽ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി, കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്കെത്തും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടികളാണ് തത്സമയം പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ജസ്‌റ്റിസ് യുയു ലളിത് നാളെ ചുമതലയേൽക്കും: രാജ്യത്തിന്‍റെ പുതിയ ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ(27.08.2022) ചുമതലയേൽക്കും. 49-ാമത് ചീഫ് ജസ്‌റ്റിസാണ് ജസ്‌റ്റിസ് യുയു ലളിത്. 2022 നവംബർ എട്ട് വരെ ആണ് ജസ്‌റ്റിസ് യുയു ലളിത് ചീഫ് ജസ്‌റ്റിസ് ആയി പ്രവർത്തിക്കുക.