ന്യൂഡൽഹി: എല്ലാവർക്കും നീതി ലഭ്യമാക്കാൻ സുപ്രീം കോടതി നിരന്തര പരിശ്രമം നടത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചെറുതും വലുതുമായ കേസുകളൊന്നും ഇല്ലെന്നും കോടതിക്ക് മുന്നിൽ എല്ലാം പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതി സ്ഥാപിതമായതിന്‍റെ 73-ാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും നൂറുകണക്കിന് കേസുകളാണ് സുപ്രീംകോടതിയുടെ പരിധിയിലുള്ളതെന്നും അവ വേഗത്തിൽ തീർപ്പാക്കുന്നതിന് ജഡ്‌ജിമാരും രജിസ്ട്രിയിലെ ജീവനക്കാരും വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12,471 കേസുകളാണ് സുപ്രീംകോടതി തീർപ്പാക്കിയതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
കോടതിയെ സംബന്ധിച്ചിടത്തോളം ചെറുതോ വലുതോ ആയ കേസുകളില്ല. എല്ലാ കാര്യങ്ങളും കോടതിക്ക് പ്രധാനമാണ്. 2020 മാർച്ച് 23 നും 2022 ഒക്ടോബർ 30 നും ഇടയിൽ സുപ്രീം കോടതി 3.37 ലക്ഷം കേസുകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിച്ചു. സുപ്രീം കോടതിയുടെ നിയമപരമായ സമീപനം വികസിച്ചു വരികയാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം, തീരുമാനപരമായ സ്വയംഭരണാവകാശം, ലൈംഗിക പ്രത്യുൽപാദന തെരഞ്ഞെടുപ്പുകൾ തുടങ്ങിയ മൗലികാവകാശങ്ങൾ അംഗീകരിച്ച് സംരക്ഷിക്കുന്നതിലൂടെ ഭരണഘടനയുടെ പരിവർത്തന കാഴ്‌ചപ്പാട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോടതി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കോടതി ലിംഗസമത്വത്തിന്‍റെ ശക്തമായ നിർദേശമായി ഉയർന്നുവന്നിട്ടുണ്ട്. അത് അനന്തരാവകാശ നിയമങ്ങളുടെ വ്യാഖ്യാനത്തിലായാലും സായുധ സേനയിൽ സ്ത്രീകളുടെ പ്രവേശനം ഉറപ്പാക്കുന്നതിലായാലും, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ഭാഷ ഉപയോഗിച്ച് നിയമത്തെ മാനുഷികമാക്കാനും മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകനായി പ്രവർത്തിക്കാനുമാണ് കോടതി ശ്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
എല്ലാവർക്കും നീതി ലഭ്യമാക്കാൻ സുപ്രീം കോടതി നിരന്തര ശ്രമം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിത പോരാട്ടങ്ങളുടെ ചരിത്രമാണ് സുപ്രീം കോടതിയുടെ ചരിത്രം. പൗരന്മാരുടെ സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. പൗരന്മാരെ അനീതിയിൽ നിന്ന് സംരക്ഷിക്കാൻ ജഡ്‌ജിമാർ പൗരന്മാരുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ റിപ്പബ്ലിക്കായി രണ്ട് ദിവസത്തിന് ശേഷം, അതായത് 1950 ജനുവരി 28നാണ് സുപ്രീംകോടതി നിലവിൽ വന്നത്.