മുംബൈ: അധോലോക ഡോൺ രാജേന്ദ്ര നിക്കൽജിയാലിയാസ് ഛോട്ടാ രാജന് കൊവിഡ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിൽ പ്രവേശിപ്പിച്ചതായി തിഹാർ ജയിൽ അധികൃതർ തിങ്കളാഴ്ച സെഷൻസ് കോടതിയെ അറിയിച്ചു.
2015 ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷം തീഹാർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ഛോട്ടാ രാജന്‍. മുംബൈയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകളെല്ലാം സിബിഐക്ക് കൈമാറുകയും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് കേസ് പരിഗണിക്കുന്നതിനായി ജഡ്ജിയുടെ മുമ്പാകെ വീഡിയോ കോൺഫറൻസ് വഴി രാജനെ ഹാജരാക്കാൻ കഴിയില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും തിങ്കളാഴ്ച തിഹാർ ജയിലിലെ അസിസ്റ്റന്‍റ് ജയിലർ ടെലിഫോണിലൂടെ സെഷൻസ് കോടതിയെ അറിയിച്ചു. മുംബൈയിൽ കൊള്ള, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട് എഴുപതോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
2011 ൽ മാധ്യമപ്രവർത്തക ജ്യോതിർമോയ് ഡേയുടെ കൊലപാതകക്കേസിൽ രാജനെ ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയിലെ പ്രത്യേക സിബിഐ കോടതി രാജനെയും സഹായിയെയും 1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയായ ഹനീഫ് കടവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.