സുക്‌മ: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ ഇന്ന് രാവിലെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഗോലാപ്പള്ളി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് നക്‌സല്‍ കമാന്‍ഡര്‍ മഡ്‌കം എറ, കേഡര്‍ പൊടിയം ഭീമെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക ശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ തലയ്‌ക്ക് നേരത്തെ 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദന്തേഷ്‌പുരം ഗ്രാമത്തിനടുത്തുള്ള വനത്തിൽ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഗോലാപ്പള്ളി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് (LOS) നക്‌സൽ കമാൻഡർ മഡ്‌കം എറയ്‌ക്കൊപ്പം 35ഓളം നക്‌സലുകള്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല റിസര്‍വ് ഗാര്‍ഡിന്‍റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും (സിആർപിഎഫ്) പ്രത്യേക സംഘങ്ങളും കോബ്ര (Commando Battalion for Resolute Action-CoBRA)ടീമും ചേര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓപ്പറേഷന്‍ നടത്തി. ഡിആർജിയുടെ പട്രോളിങ് ടീമുകളിലൊന്ന് ദന്തേഷ്‌പുരം വനം വളയുമ്പോൾ സായുധരായ നക്‌സലുകൾ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് സുനിൽ ശർമ പറഞ്ഞു.
വെടിവയ്‌പ്പ് അവസാനിച്ചപ്പോള്‍ പ്രദേശത്ത് മഡ്‌കം എറയുടെയും പൊടിയം ഭിമെയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എറയുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപയും ഭിമെയുടെ തലയ്‌ക്ക് മൂന്ന് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നക്‌സലുകളുടെ ഏരിയ കമ്മിറ്റി അംഗം കൂടിയായ എറയ്ക്ക് രണ്ട് ഡസനിലധികം നക്‌സൽ അക്രമങ്ങളിൽ പങ്കുണ്ട്. പ്രദേശത്ത് തെരച്ചില്‍ നടക്കുന്നുണ്ട്.