ദംതാരി(ഛത്തീസ്‌ഗഡ്): ഛത്തീസ്ഗഡിലെ ദംതാരി ജില്ലയുടെ ആസ്ഥാനത്തു നിന്നും ഏതാണ്ട് 65 കിലോമീറ്റര്‍ അകലെയാണ് സതിയാര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു വാര്‍ത്താ പത്രത്തെ ഈശ്വരനായി കണ്ട് ആരാധിക്കുന്നു എന്നതാണ് ഈ ഗ്രാമത്തിന്‍റെ പ്രത്യേകത. 1947 ഓഗസ്റ്റ്-15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമായ വാര്‍ത്ത അവരെ അറിയിച്ച പത്രമായതിനാലാണ് ഈ വാര്‍ത്താ പത്രം ഗ്രാമീണര്‍ക്ക് ഈശ്വരനായി മാറിയത്. സ്വാതന്ത്ര്യം ലഭിച്ച് ഏതാണ്ട് ഒന്നര മാസത്തോളം കഴിഞ്ഞാണ് പത്രം ഗ്രാമീണരുടെ കൈകളിലെത്തുന്നത്. ആ പത്രം അന്നു മുതൽ അവരുടെ ദൈവമായി മാറുകയായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ നായകനാണ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്‍റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ച് വരികയും തുടർന്ന് ഗാന്ധിജിയുടെ പേരിൽ ക്ഷേത്രം നിര്‍മിക്കുകയും ചെയ്‌തു. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമെല്ലാം ഗ്രാമത്തില്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്. അണക്കെട്ട് നിര്‍മിച്ചതോടു കൂടി മറ്റിടങ്ങളുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടെങ്കിലും ഈ ഗ്രാമത്തിലെ ജനങ്ങള്‍ തങ്ങളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യ സ്‌നേഹം പുതിയ തലമുറയിലേക്കും പകരുവാനുള്ള വഴിയാണ് ക്ഷേത്ര നിർമാണത്തിലൂടെ സാധിച്ചെടുത്തത്. ഈ ക്ഷേത്രത്തിലിരുന്നു കൊണ്ട് അവര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം സത്യത്തിന്‍റെ പാതയിലൂടെ മാത്രമേ തുടര്‍ന്നും സഞ്ചരിക്കൂവെന്ന് പ്രതിജ്ഞയും ചെയ്യുന്നു.
1947ലാണ് ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍ ഗംഗ്രയെൻ അണക്കെട്ട് പണിതതിനു ശേഷം ഗ്രാമീണരെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചപ്പോള്‍ 1990ല്‍ നദിയുടെ കരയില്‍ പുതിയ ഒരു ക്ഷേത്രം പണിയുകയായിരുന്നു. അതിനു ശേഷം ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവും സ്വാതന്ത്ര്യം ലഭിച്ചെന്ന വാര്‍ത്ത അച്ചടിച്ച് വന്ന പത്രവും അതോടു കൂടി ഇവിടെ ആരാധനാ മൂര്‍ത്തികളായി മാറി. ആഘോഷങ്ങള്‍ക്ക് ശേഷം സമൂഹ സദ്യയും ഇവിടെ നടത്താറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്ന നേതാക്കന്മാര്‍ തങ്ങളുടെ പോരാട്ടം മുന്നോട്ട് കൊണ്ടു പോകുന്നതിനായി വാര്‍ത്താ വിനിമയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു.
ഗാന്ധിജി ഹരിജന്‍, യങ്ങ് ഇന്ത്യ എന്നിങ്ങനെ രണ്ട് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ വളരെ നിര്‍ണായകമായ പങ്കാണ് ഈ രണ്ട് പത്രങ്ങളും വഹിച്ചത്. അതുകൊണ്ടു തന്നെ വളരെ അധികം പ്രധാനപ്പെട്ട ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തെ ഗ്രാമീണര്‍ ഈശ്വരതുല്യം ആരാധിക്കാന്‍ തുടങ്ങുകയായിരുന്നു.