റായ്‌പൂർ : അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് ജനുവരി 22ന് ഛത്തീസ്‌ഗഡിൽ ഡ്രൈ ഡേ (Chhattisgarh government declares dry day) ആയി ആചരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി (Chhattisgarh CM Vishnu Deo Sai) പ്രഖ്യാപിച്ചു. ഇന്നലെ (ജനുവരി 2) വൈകുന്നേരം റായ്‌പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഛത്തീസ്‌ഗഡിലെ ചന്ദ്ഖുരി ശ്രീരാമന്‍റെ മാതൃ ജന്മദേശമായാണ് കണക്കാക്കുന്നത്. ഇത് ഒരു ഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. രാമ ജന്മഭൂമിയായ അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് (Ayodhya consecration ceremony) നടക്കാൻ പോകുന്നത് തങ്ങളുടെ ഭാഗ്യമാണെന്നും ആ ദിവസത്തിൽ സംസ്ഥാനം മുഴുവനും ആവേശത്തിലായിരിക്കുമെന്നും ദേവ് സായി കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്ന ദിവസം ദീപാവലി പോലെ സംസ്ഥാനത്തെ വീടുകളിൽ വിളക്കുകൾ തെളിയിക്കുമെന്നും കൂടാതെ ഛത്തീഗഡ് സർക്കാർ ആ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൂജ ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.
വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്‌മി കാന്ത് ദീക്ഷിത് അഭിഷേക ചടങ്ങുകളുടെ പ്രധാന പൂജകള്‍ നിർവഹിക്കും. 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. മഹായാഗത്തിൽ ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും.
ചടങ്ങിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരികയാണ്. പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ പരിപാടികൾ ഉണ്ടായിരിക്കും. അയോധ്യയിൽ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിശ്രമ കേന്ദ്രങ്ങളെരുക്കും. 10,000 മുതൽ 15,000 പേരെ വരെ ഉൾക്കൊള്ളാവുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.
ചടങ്ങിന് എത്തുന്ന സന്ദർശകർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്രാദേശിക അധികാരികൾ തയ്യാറെടുക്കുകയാണ്. സുരക്ഷ നടപടികൾ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങളും അയോധ്യയിൽ നടന്നു വരികയാണ്.
Also read: രാമ ക്ഷേത്ര പ്രതിഷ്‌ഠ; ക്ഷണം സ്വീകരിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്
രാംലല്ല വിഗ്രഹത്തിന് അന്തിമരൂപമായി: അയോധ്യ രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹത്തിന് അന്തിമരൂപമായി. കർണാടക സ്വദേശി യോഗിരാജ് അരുണിന്‍റെ നിർമിതിയാണ് തെരഞ്ഞെടുത്തത്. വിഗ്രഹം ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ വിഗ്രഹം ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കും.
മൂന്ന് ശിൽപികളുടെ രൂപകൽപനകൾ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നു. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസുള്ള രാമന്‍റെ കുട്ടിക്കാലം പ്രതിഫലിപ്പിക്കുന്നതാണ് രാംലല്ല വിഗ്രഹം. പരിഗണനയിലുള്ളതിൽ ഏറ്റവും ദൈവികമായ രൂപമാവും പ്രതിഷ്‌ഠ ചടങ്ങിനായി തെരഞ്ഞെടുക്കുകയെന്ന് വിഗ്രഹം തെരഞ്ഞെടുക്കുന്നതിനായുള്ള മാനദണ്ഡമായി രാമ ജന്മഭൂമി തീർഥക്ഷേത്ര സെക്രട്ടറി ചമ്പത്ത് റായ് മുൻപ് പറഞ്ഞിരുന്നു.