റായ്‌പൂര്‍: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും നാടകമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പ്രധാനമന്ത്രിയുടെ റാലിയിൽ 500 പേർ പോലും പങ്കെടുത്തില്ല, അതിനാലാണ് അത് റദ്ദാക്കിയതായി സൂചന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
'ഒരു വർഷമായി കർഷകർ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും അവർ പ്രധാനമന്ത്രിയോട് അസ്വസ്ഥരാണെന്നും എല്ലാവർക്കും അറിയാം. പ്രധാനമന്ത്രിയുടെ റാലിക്ക് 500 പേർ പോലും എത്തിയില്ല. ഞാൻ ജീവിച്ചിരിക്കുന്നു എന്നതില്‍ നിങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്, എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് നാടകമല്ലെങ്കില്‍ പിന്നെ എന്താണ്?' ഭൂപേഷ് ബാഗേൽ പറഞ്ഞു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്‌മാരകത്തിലേക്ക് ഹെലികോപ്റ്ററിൽ പോകാനാണ് പ്രധാനമന്ത്രി മോദി ബുധനാഴ്‌ച രാവിലെ ബതിന്ഡയിൽ ഇറങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. മഴയും മൂടിയ കാലാവസ്ഥയും കാരണം പ്രധാനമന്ത്രി ഏകദേശം 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതെ വന്നപ്പോൾ റോഡ് വഴി ദേശീയ സ്‌മാരകം സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പ്രസ്‌താവനയിൽ പറയുന്നു.
ALSO READ: രാജ്യത്തെ ആദ്യ ഓപ്പണ്‍ റോക്ക് മ്യൂസിയം ഹൈദരാബാദില്‍
'ഡിജിപി പഞ്ചാബ് പൊലീസിന്‍റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിക്കുകയും അതിന് ശേഷം പ്രധാനമന്ത്രി റോഡ് മാർഗം യാത്ര തുടരുകയുമായിരുന്നു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്‌മാരകത്തിന് 30 കിലോമീറ്റർ അകലെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു ഫ്ലൈ ഓവറിലെത്തിയപ്പോൾ ചില പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതായി കണ്ടെത്തി. 15-20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങി.
ഇത് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വലിയ വീഴ്‌ചയാണ്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ അവർ നടത്തേണ്ടതായിരുന്നു' എന്നും പ്രസ്‌താവനയിൽ പറയുന്നു.
ഈ സുരക്ഷാ വീഴ്‌ചയ്ക്ക് ശേഷമാണ് ബതിന്ഡ എയർപോർട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത് എന്നും ആഭ്യന്തര മന്ത്രാലയം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.