റായ്‌പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഡില്‍ പോളിങ് ബൂത്തിന് സമീപം മാവോയിസ്‌റ്റ് ആക്രമണം. സുക്‌മയിലെ പോളിങ് സ്റ്റേഷന് സമീപത്താണ് ആക്രമണമുണ്ടായത്. പോളിങ് ബൂത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സുരക്ഷ സേനയ്‌ക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈനികര്‍ തിരിച്ചടിച്ചു.
ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. 10 മിനിറ്റ് സമയം ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം സ്ഥലത്ത് നിന്നും പിന്മാറിയെന്നും സുക്‌മ പൊലീസ് അറിയിച്ചു. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
സ്ഥലത്ത് നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോളിങ് ബൂത്തുകളില്‍ യാതൊരു ആശങ്കയുമില്ലാതെയാണ് വോട്ടര്‍മാരെത്തുന്നതെന്നും പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യ നില തൃപ്‌തികരമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പുറത്തിറക്കിയ പ്രസ്‌താവന: ഇന്ന് (നവംബര്‍ 7) രാവിലെ ഏഴു മണിയോടെ സുക്‌മ പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് രണ്ട് കിലോമീറ്റര്‍ അകലെ ഡിആര്‍ജി സൈനികര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഇതോടെ സുരക്ഷ സേന തിരിച്ചടിച്ചു.
10 മിനിറ്റ് നേരം ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. എന്നാല്‍ 10 മിനിറ്റുകള്‍ക്ക് ശേഷം മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നും വെടിവയ്‌പ്പ് നിര്‍ത്തി. നിലവില്‍ സ്ഥിതി ശാന്തമാണ്. സൈനികര്‍ സുരക്ഷിതരാണ്. വോട്ടെടുപ്പ് ആശങ്കകളില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും സുക്‌മ പൊലീസ് പറഞ്ഞു.
ബസ്‌തറില്‍ കനത്ത സുരക്ഷ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ തന്നെ ഛത്തീസ്‌ഗഡിലെ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത്തരം സാഹചര്യം കണക്കിലെടുത്ത് ബസ്‌തര്‍ മേഖലയിലെ പോളിങ് ബൂത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 40,000 സുരക്ഷ സൈനികരെയാണ് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. ഡിആർജി, ബസ്‌താരിയ ഫൈറ്റേഴ്‌സ്, അർധസൈനിക സേന, സിഎഎഫ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് പോളിങ് ബൂത്തിലടക്കം വിന്യസിച്ചിരിക്കുന്നത്. ബസ്‌തര്‍ ഐജിയുടെ പ്രത്യേക നേതൃത്വത്തിലാണ് സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
ബിജെപി നേതാവിന് നേരെ നിറയൊഴിച്ച് മാവോയിസ്റ്റുകള്‍: നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ ഛത്തീസ്‌ഗഡില്‍ ബിജെപി നേതാവ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ നാലിന് നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥിയായ നാരായണ്‍പൂര്‍ സ്വദേശി രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ബിജെപി ജില്ല വൈസ് പ്രസിഡന്‍റായിരുന്നു രത്തന്‍. കൗശല്‍മര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കേയാണ് മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായത്.
also read: ഛത്തീസ്‌ഗഡും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്, മാവോയിസ്‌റ്റ് ഭീഷണിയുളള മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ