ന്യൂഡല്‍ഹി: ചത്തീസ്‌ഗഢിൽ നക്സൽ ആക്രമണത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടാൻ ഇടയാക്കിയ സാഹചര്യം ഭരണ സംവിധാനത്തിലെ പിഴവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജവാൻമാർ രക്തസാക്ഷിത്വം വരിക്കാൻ പീരങ്കിയുടെ കാലിത്തീറ്റയല്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഇന്‍റലിജൻസിൽ തകരാർ ഒന്നും സംഭവിച്ചിട്ടില്ലെന്നും തുല്യ എണ്ണം അക്രമികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങ് പറഞ്ഞിരുന്നു. എന്നാൽ ഇന്‍റലിജൻസിൽ തകരാർ ഇല്ലെങ്കിൽ തുല്യ എണ്ണം ജവാൻമാരും അക്രമികളും കൊല്ലപ്പെട്ടതിന്‍റെ അർഥം സംവിധാനത്തിൽ പിഴവുണ്ടായി എന്നാണെന്ന് രാഹുൽ ഗാന്ധി.
ശനിയാഴ്ച ഉണ്ടായ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഏഴ് കോബ്ര കമാൻഡോകൾ ഉൾപ്പെടെ എട്ട് സിആർപിഎഫ് ജവാൻമാരും ബസ്‌തരീയ ബറ്റാലിയനിലെ ഒരാളുമുണ്ട്. എട്ട് പേർ ഡിആർജിയിൽ നിന്നും അഞ്ച് പേർ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലും നിന്നുള്ളവരാണ്.
ബിജാപൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലെ വനപ്രദേശത്ത് നടന്ന ആക്രമണത്തിൽ 31 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനെ ഇനിയും കണ്ടെത്താനുണ്ട്.