റായ്‌പൂര്‍: കൊവിഡിനെ പ്രതിരോധിക്കാൻ ലോകത്തെല്ലാവരും വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ നടപടികള്‍ സ്വീകരിച്ച് മഹാമാരിയെ അകറ്റിനിര്‍ത്താൻ പാടുപെടുമ്പോഴാണ് കൗതുകകരമായ ഒരു സംഭവം നമ്മുടെ രാജ്യത്ത് നടക്കുന്നത്.
ചത്തീസ്‌ഗഡിലെ സിര്‍നാഭാതാ ഗ്രാമത്തിലാണ് വ്യത്യസ്ഥമായ ഒരു കൊവിഡ് പ്രതിരോധ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. തലയില്‍ ചുവന്ന ചായം തേച്ചാണ് ഇവര്‍ കൊവിഡിനെതിരെ പോരാടുന്നത്. തലയില്‍ ചുവന്ന ചായം തേച്ചാല്‍ കൊവിഡ് ബാധിക്കില്ലെന്ന് ഒരു ഗ്രാമവാസിക്ക് സ്വപ്‌നത്തില്‍ ദര്‍ശനം ലഭിച്ചെന്നും അതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
എന്തായാലും സംഗതി എല്ലാവരും വിശ്വസിച്ച മട്ടാണ്. ഗ്രാമത്തിലെ മുന്നൂറോളം ആളുകളുടെ മുടിയും ഇപ്പോള്‍ ചുവന്ന നിറത്തിലാണ്. ഗ്രാമത്തില്‍ ഇതുവരെ കൊവിഡ് റിപ്പോട്ട് ചെയ്‌തിട്ടില്ലെന്നതും കൗതുകമാണ്.