ന്യൂഡൽഹി: ജൂനിയർ ഗുസ്‌തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഗുസ്തി താരം സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികൾ അറസ്റ്റിൽ. രാജ്യതലസ്ഥാനമായ കാഞ്ചവാല പ്രദേശത്ത് നിന്ന് ചൊവ്വാഴ്ച രാത്രിയാണ് പ്രതികൾ അറസ്റ്റിലാകുന്നത്. ഹരിയാന സ്വദേശികളായ ഭൂപേന്ദർ എന്ന ഭൂപി, മോഹിത് എന്ന ഭോളി, ഗുലാബ് എന്ന പഹ്‌വാൻ, മജീത് എന്ന ചുനിൽ ലാൽ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്ക് സുശീൽ കുമാറുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. കലാ അസൂഡ-നീരജ് ബവാന സംഘത്തിലെ സജീവ അംഗങ്ങളായിരുന്നു ഇവർ. കൊലപാതകത്തിന്‍റെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രോഹിണി ജില്ലയിൽ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്.
Also Read: കൊലപാതകക്കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്
മെയ് നാലിന് രാത്രി പ്രതികൾ ഛത്രസാൽ സ്റ്റേഡിയത്തി പോവുകയും പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെ സാഗർ റാണ കൊല്ലപ്പെടുകയായിരുന്നു. പ്രതിയായ ഭൂപേന്ദറിന് ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കവർച്ചകളും കൊലപാതകങ്ങളും നടത്തി. 2011ൽ ഇരട്ട കൊലപാതകക്കേസിൽ ജയിലിൽ പോയി 2021 ഫെബ്രുവരി വരെ ജയിലിൽ കിടന്നു. മറ്റൊരു പ്രതി മോഹിതും നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.