ചെന്നൈ: കൊവിഡ് പ്രതിരോധ വാക്‌സിൻ കൊവിഷീല്‍ഡിൻ്റെ പരീക്ഷണത്തിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന ആരോപണവുമായി 40 വയസുകാരന്‍ രംഗത്ത്. അഞ്ച് കോടി രൂപ നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു. യുവാവിന് ന്യൂറോളജി ആരോഗ്യ സങ്കീര്‍ണതകളുണ്ടെന്നാണ് ആരോപണം. അതേസമയം ആരോപണങ്ങൾ തള്ളി നിർമാണ കമ്പനിയും രംഗത്തെത്തി. അടിസ്ഥാന രഹിത ആരോപണങ്ങൾക്ക് 100 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മറുപടി. പ്രതിരോധ മരുന്നിൻ്റെ പരീക്ഷണവും, ഉല്‍പാദനവും, വിതരണവും എല്ലാം തന്നെ ഉടന്‍ തന്നെ നിര്‍ത്തിവെക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, അസ്ട്രാ സെനേക, യു കെ- ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഓക്‌സ്ഫോർഡ് വാക്‌സിന്‍ ട്രയല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ആന്‍ഡ്രൂ പൊളാര്‍ഡ്, ദി ജന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറീസ്, യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോർഡ്, ശ്രീ രാമചന്ദ്ര ഹയര്‍ എജ്യുക്കേഷന്‍ ആൻ്റ് റിസര്‍ചിൻ്റെ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ എന്‍.ജി.ആര്‍ പ്രസാദ് റഞ്ഞു. യുവാവിന് 12, 7 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ്-19 നെതിരെയുള്ള പ്രതിരോധ മരുന്നിൻ്റെ മൂന്നാം ഘട്ടത്തിലുള്ള മനുഷ്യരിലെ പരീക്ഷണം ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷണല്‍ ആൻ്റ് റിസര്‍ച്ചില്‍ നടത്തുന്നതിനായി സന്നദ്ധ സേവകരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് യുവാവ് പരീക്ഷണത്തിന് എത്തിയത്. പരീക്ഷണത്തിൽ പങ്കെടുക്കുന്നവര്‍ക്കുള്ള വിവരങ്ങള്‍ അടങ്ങിയ രേഖയിൽ കൊവിഡ്-19നെതിരെയുള്ള ഓക്‌സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ പ്രതിരോധ മരുന്നിൻ്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അഭിഭാഷകര്‍ നല്‍കിയ നോട്ടീസിൽ പറയുന്നു. ഈ പ്രതിരോധ മരുന്ന് ഇതിനു മുന്‍പ് യു.കെയിലെ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള 500 പേരിൽ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും, പ്രസ്‌തുത പ്രതിരോധ മരുന്ന് സുരക്ഷിതവും വൈറസിനെതിരെ പ്രതിരോധം സൃഷ്‌ടിക്കുന്നതാണെന്ന് കണ്ടെത്തിയതായും പറയുന്നു.
യു.കെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. നിലവിൽ യു.കെ യിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രാ സെനേക കൊവിഷീല്‍ഡ് മരുന്നിന്‍റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടും അതിൻ്റെ പരീക്ഷണ അന്വേഷകനും ഒരുപോലെ ഈ പ്രതിരോധ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി ഉറപ്പ് നല്‍കിയിരുന്നു എന്നും വക്കീല്‍ നോട്ടീസിൽ പറയുന്നു.
സെപ്റ്റംബര്‍-29 നാണ് യുവാവ് സമ്മത പത്രത്തില്‍ ഒപ്പു വെക്കുന്നത്. കൊവിഡ്-19 നെതിരെയുള്ള ആൻ്റി ബോഡികള്‍ക്കു വേണ്ടിയുള്ള പരിശോധനയില്‍ നെഗറ്റീവ് ഫലം ഉണ്ടായതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ ഒന്നിന് മരുന്നിൻ്റെ ഒരു ഡോസ് നല്‍കിയിരുന്നു. ഈ പ്രതിരോധ മരുന്ന് നല്‍കിയ ശേഷം 10 ദിവസം വരെ പ്രതികൂല പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ഒക്‌ടോബര്‍-11ന് രാവിലെ 5.30-ന് യുവാവ് കടുത്ത തലവേദനയോടു കൂടിയാണ് ഉറക്കമുണര്‍ന്നത്. 9 മണിയോടു കൂടി അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു എങ്കിലും എണീറ്റില്ല. ഉച്ചക്ക് 2 മണിയോടു കൂടി അദ്ദേഹം ഉറക്കമുണര്‍ന്ന ശേഷം ഛര്‍ദ്ദിക്കുകയും വീണ്ടും ഉറങ്ങുകയും ചെയ്തു. കടുത്ത തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു. തൻ്റെ ചുറ്റുപാടുകളെ കുറിച്ച് അദ്ദേഹത്തിന് ബോധ്യമില്ലാതായി. വെളിച്ചത്തോടും ശബ്‌ദത്തോടും അദ്ദേഹം കടുത്ത അതൃപ്‌തി കാട്ടാന്‍ തുടങ്ങി. കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് നിര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങളൊക്കെ അദ്ദേഹം പ്രതിരോധിച്ചു എന്നും അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞു. അക്രമ സ്വഭാവം കാണിച്ചിരുന്നതിനാല്‍ യുവാവിനെ കിടക്കയോട് ചേര്‍ത്ത് കെട്ടിയിരുന്നതായും പറയുന്നു.