ന്യൂഡൽഹി : റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ എഫ്‌ഐആറിന്‍റെ വിവരങ്ങൾ പുറത്ത്. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തത്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് ഗുരുതര കുറ്റങ്ങൾ ചുമത്തിയ എഫ്‌ഐആറിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.
10 പീഡന പരാതികളും രണ്ട് എഫ്‌ഐആറുകളുമാണ് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തത്. ബ്രിജ് ഭൂഷൺ ശരൺ സിങ് താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടതായും ശ്വാസ പരിശോധന എന്ന പേരിൽ വനിത താരങ്ങളുടെ നെഞ്ചിൽ കൈ വയ്‌ക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നുമടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
താരങ്ങളോട് സ്വകാര്യ വിവരങ്ങൾ തിരക്കി, ടൂർണമെന്‍റിനിടെ സംഭവിച്ച പരിക്കുകൾക്ക് റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിന് പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു, പരിശീലന കേന്ദ്രങ്ങള്‍, അന്താരാഷ്‌ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്‍റെ ഓഫിസ്, റെസ്റ്റോറന്‍റ് ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍വച്ച് ലൈംഗികമായി അതിക്രമിച്ചു എന്നീ പരാതികളും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്‍റെ പരാതി പ്രത്യേകമാണ് പൊലീസ് പരിഗണിച്ചത്. ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ പരാതികൾ ഏപ്രിൽ 21നും എഫ്‌ഐആർ ഏപ്രിൽ 28നും രജിസ്റ്റർ ചെയ്‌തതായി കൊണാട്ട് പ്ലേസ് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354, 354 (എ), 354 (ഡി), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
യുപിയിൽ ഖാപ് മഹാപഞ്ചായത്ത്: അതേസമയം ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക സംഘടനകൾ ഉത്തർപ്രദേശിൽ ഖാപ് മഹാപഞ്ചായത്തും പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധ പരിപാടിയും നടത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സോറം ഗ്രാമത്തിൽ നടന്ന ഖാപ് മഹാപഞ്ചായത്തിന് പിന്നാലെ തങ്ങൾ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വ്യക്‌തമാക്കിയിരുന്നു.
തനിക്കെതിരെ ഉയരുന്ന ആരോപണത്തിൽ ഒരണ്ണമെങ്കിലും തെളിയിക്കപ്പെട്ടാൽ സ്വയം തൂങ്ങിമരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ പ്രതിഷേധ സൂചകമായി ഗുസ്‌തി താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് നടത്തിയ പ്രഖ്യാപനത്തെയും ബ്രിജ് ഭൂഷണ്‍ പരിഹസിച്ചിരുന്നു.
ലൈംഗിക പീഡനപരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിലില്‍ ആണ് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതില്‍ രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.