അമരാവതി: തെലുഗു ദേശം പാർട്ടി (ടിഡിപി) തലവന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി (Chandrababu Naidu came out of jail). സ്‌കില്‍ ഡെവലപ്മെന്‍റ് അഴിമതി കേസിലാണ് ചന്ദ്രബാബു നായിഡുവിന് കോടതി നാലാഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. നായിഡുവിന്‍റെ ശസ്ത്രക്രിയയുടെ ആവശ്യകതയെക്കുറിച്ച് അഭിഭാഷകർ വാദിച്ചതിനെ തുടർന്നാണ് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിച്ചത്.
ചന്ദ്രബാബു നായിഡു ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു. അദ്ദേഹത്തെ വരവേൽക്കാൻ ജയിലിന് പുറത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജനസാന്ദ്രമായ രാജമുണ്ട്രി ജയിലിന്‍റെ പരിസരം ജയ് ചന്ദ്രബാബു എന്ന മുദ്രവാക്യത്തോടു കൂടിയാണ് അദ്ദേഹത്തെ വരവേറ്റത്.
കോടതിയുടെ നിർദേശപ്രകാരം നായിഡു നവംബർ 28 നോ അതിനു മുന്‍പോ ആയി രാജമുണ്ട്രി സെൻട്രൽ ജയിലില്‍ കീഴടങ്ങണം. കുറ്റാരോപിതനായി നായിഡു ഒന്നര മാസത്തോളം രാജമുണ്ട്രി ജയിലിലായിരുന്നു. സംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൊണ്ട് മുന്‍ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതാണ് കേസ്.
2015-ല്‍ തയ്യാറാക്കിയ പദ്ധതിക്ക് വേണ്ടി 3,350 കോടിയുടെ കരാര്‍ ജര്‍മന്‍ കമ്പനിയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഈ തുകയില്‍ നിന്ന് കോടികള്‍ വകമാറ്റി എന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.
സെപ്‌റ്റംബര്‍ 9 ന് പുലര്‍ച്ചയോടെയാണ് നന്ദ്യാല്‍ പൊലീസ് ടിഡിപി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്നായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം എത്തിയ സമയത്ത് ആര്‍കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധവുമുണ്ടായി.
കേസില്‍ ആദ്യം പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പേരില്ലെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും അറസ്റ്റില്‍ നിന്നും പിന്നിലേക്ക് പോകാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിജയവാഡയില്‍ നിന്നും അദ്ദേഹത്തെ രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിഡിപിയെ അടിച്ചമർത്താനുള്ള ഗൂഢാലോചനയാണ് എപിയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നടത്തുന്നതെന്ന് നായിഡുവിന്‍റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ആരോപിച്ചു.
ALSO READ: അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം