ചണ്ഡിഗഡ്: ജി20യുടെ രണ്ട് ദിവസത്തെ യോഗം ജനുവരി 30, 31 തീയതികളില്‍ ചണ്ഡിഗഡില്‍ നടക്കാന്‍ പോകുകയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയാണ് അന്താരാഷ്‌ട്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കൂട്ടായ്‌മയായ ജി20യുടെ അധ്യക്ഷത വഹിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 30 വരെയാണ് ഇന്ത്യയ്‌ക്ക് ജി20യുടെ അധ്യക്ഷതയുള്ളത്.
ഈ കാലയളവില്‍ തിരുവനന്തപുരം അടക്കമുള്ള ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ ജി20യുടെ യോഗങ്ങള്‍ നടക്കും. അന്താരാഷ്‌ട്ര ധനകാര്യ ഘടന എന്ന വിഷയമാണ് ചണ്ഡിഗഡിലെ രണ്ട് ദിവസത്തെ ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യുക. ഉച്ചകോടിക്കായി ചണ്ഡിഗഡ് ഒരുങ്ങിയിരിക്കുകയാണ്.
ഹോട്ടല്‍ ലളിതിലാണ് യോഗം. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെ താമസ സൗകര്യത്തിനും യാത്രയ്‌ക്കുമൊക്കെയുള്ള ഏര്‍പ്പാടുകള്‍ അധികൃതര്‍ ഒരുക്കി കഴിഞ്ഞു.
ഒരുങ്ങി ചണ്ഡിഗഡ്: ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ നഗരമാകെ അലങ്കരിച്ചിരിക്കുകയാണ്. ജി20 രാജ്യങ്ങളുടെ കൊടികള്‍ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്‍റെ സൗന്ദര്യവത്‌കരണത്തിനായി ചണ്ഡിഗഡ് ഭരണകൂടം 30 ലക്ഷം ചെലവഴിച്ചിട്ടുണ്ട്. കാര്‍ഷികവിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജി20യുടെ മറ്റൊരു യോഗം മാര്‍ച്ചിലും ചണ്ഡിഗഡില്‍ നടക്കും.
ജനുവരി 30, 31നായി നടക്കുന്ന ജി20യുടെ ഉച്ചകോടിയില്‍ 170 പ്രതിനിധികള്‍ പങ്കെടുക്കും. ഹോട്ടല്‍ ലളിത്, ഹയാത്ത്,ജെഡബ്ല്യു മാരിയറ്റ് എന്നീ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിനിധികള്‍ക്ക് സഞ്ചരിക്കാനായി 72 എസ്‌യുവി കാറുകള്‍ ചണ്ഡിഗഡ് സര്‍ക്കാര്‍ വാടകയ്‌ക്ക് എടുത്തിട്ടുണ്ട്. പ്രതിനിധികളുടെ താമസസൗകര്യത്തിനും യാത്രയ്‌ക്കുമായി നാല് കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ചണ്ഡിഗഡിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ പ്രതിനിധികളെ കൊണ്ടുപോകും. വിദേശഭാഷകള്‍ അറിയാവുന്ന ഗൈഡുകളുടെ സേവനം തേടിയിട്ടുണ്ട്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ഈ വർഷത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം.
ജി20 കൂട്ടായ്‌മയുടെ പ്രാധാന്യം: അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്യൻ യൂണിയന്‍ എന്നിവ അടങ്ങുന്നതാണ് ജി20. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ 1999 ലാണ് ജി 20 രൂപീകരിച്ചത്. ലോകത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്‍റെ 80 ശതമാനവും ജി20 രാജ്യങ്ങളില്‍ നിന്നാണ്.
ലോകത്തിലെ വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി20. ആഗോള വ്യാപാരത്തിന്‍റെ 75 ശതമാനവും ജി 20 രാജ്യങ്ങളുടെ പങ്കാണ്. ലോകസമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ജി20യുടെ കേന്ദ്രീകരണം. ജി-20 ഉച്ചകോടി എല്ലാ വർഷവും വ്യത്യസ്‌ത രാജ്യങ്ങളിലാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയാണ് ജി20യുടെ അധ്യക്ഷത വഹിച്ചത്.
തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ ജി20 യോഗങ്ങള്‍: ചണ്ഡിഗഡ് ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജി-20 യോഗങ്ങൾ ഈ വര്‍ഷം നടക്കും. ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഇൻഡോർ, ജോധ്പൂർ, ഖജുരാഹോ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ, റാൻ ഓഫ് കച്ച്, സൂറത്ത്, തിരുവനന്തപുരം, ഉദയ്‌പൂര്‍ എന്നീ നഗരങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. ഈ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകങ്ങള്‍ അറിയാനുള്ള അവസരം ഒരുക്കും.
ബംഗ്ലാദേശ്, ഈജിപ്‌റ്റ്, മൗറീഷ്യസ്, നെതർലൻഡ്‌സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നീ രാജ്യങ്ങളെ ഇന്ത്യ ജി20 യോഗത്തിലെ അതിഥികളായി വിളിച്ചിട്ടുണ്ട്. കൂടാതെ യുഎന്‍, അന്താരാഷ്‌ട്ര നാണയ നിധി, ലോകബാങ്ക്, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികളും ജി20 യോഗങ്ങളിലെ ക്ഷണിതാക്കളാണ്.
ഗ്രീന്‍ ഡവലപ്പ്‌മെന്‍റ്, ക്ലൈമറ്റ് ഫിനാന്‍സ്, പരിസ്ഥിതിക്ക് അനുസൃതമായ ജീവിതരീതികളുടെ പ്രോത്സാഹനം, സാങ്കേതിക മാറ്റവും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും, സ്ത്രീകൾ നയിക്കുന്ന വികസനം എന്നിവ ജി20 യുടെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നു.