ഭുവനേശ്വർ: സ്വന്തം ആശയങ്ങൾ പൊതുവായി പങ്കുവയ്‌ക്കാൻ സാധിക്കുന്ന ഇടമാണ് ബ്ലോഗ്. അങ്ങനെ ബ്ലോഗിലൂടെ വിജയഗാഥ രചിച്ച യുവാവാണ് ഒഡീഷയിലെ സാംബൽപൂർ ജില്ലയിലെ ചന്ദ്രപൂര്‍ സ്വദേശിയായ ചന്ദന്‍ പ്രസാദ് സാഹു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നീളുന്ന തൊഴിലുകള്‍ ചെയ്യാൻ അദ്ദേഹത്തിന് താത്‌പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും പ്രത്യേകതയുള്ള, അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. അങ്ങനെ ഡിജിറ്റൽ മാർക്കറ്റിംഗ് ലോകത്ത് ചുവടുവച്ചു. ബ്ലോഗുകള്‍ എഴുതാന്‍ ആരംഭിക്കുകയും ക്രമേണ ഹിന്ദിയിലെ ഏറ്റവും പ്രസിദ്ധനായ ബ്ലോഗറായി മാറുകയും ചെയ്‌തു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ചന്ദന്‍ പ്രസാദ് രാജ്യത്തെ പ്രമുഖ ബ്ലോഗർമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ മേഖലയിലേക്ക് തിരിഞ്ഞത്. ബ്ലോഗ് എഴുത്തിലൂടെ നല്ല വരുമാനവും ഈ യുവാവിന് ലഭിക്കുന്നുണ്ട്. കൂടാതെ വിവിധ സംഘടനകളും പ്രതിഫലം നൽകാറുണ്ട്.
ചന്ദന് പഠനത്തോടൊപ്പം എഴുത്തിനോടും താത്‌പര്യമുണ്ടയിരുന്നു. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് അവൻ സാങ്കേതികവിദ്യയിലൂടെ തന്‍റെ ഇഷ്‌ട വിനോദത്തിന് പുതിയ രൂപം തന്നെ നല്‍കി. ഓണ്‍ലൈനിലൂടെ തന്‍റെ അറിവും അനുഭവങ്ങളും വാക്കുകളിലൂടെ പങ്കുവയ്‌ക്കുന്നതിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപയിലേറെയാണ് സമ്പാദിക്കുന്നത്. 2016ലാണ് അവൻ ഹിന്ദിമേ.നെറ്റ് എന്ന പേരില്‍ ഒരു സൈറ്റ് ആരംഭിച്ചത്. വിവിധ വിഷയങ്ങളില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ഈ സൈറ്റിലൂടെ ചെയ്‌തിരുന്നത്. കൂടാതെ ആദ്യം മുതൽ അവസാനം വരെ ലളിതമായ ഭാഷയില്‍ വിവിധ വിഷയങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതുകയും ചെയ്‌തു. ദശലക്ഷകണക്കിന് ആളുകളാണ് അവന്‍റെ പോസ്‌റ്റുകൾ വായിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ ഗൂഗിളില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നു. മാത്രമല്ല തന്‍റെ സുഹൃത്തുക്കൾക്ക് വരുമാനം കണ്ടെത്താനുള്ള മാർഗവും ഒരുക്കി കൊടുത്തു. ഇത്തരത്തില്‍ ഡിജിറ്റല്‍ ഇന്ത്യയുടേയും ആത്മനിര്‍ഭര്‍ ഭാരതിന്‍റെയും പ്രതിരൂപമായി ഉയര്‍ന്നു വന്നിരിക്കുകയാണ് ചന്ദന്‍ പ്രസാദ് സാഹു.
മക്കള്‍ പഠിച്ച് ഉയര്‍ന്ന ഉദ്യോഗം നേടണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഭര്‍ത്താവിന്‍റെ മരണ ശേഷം മകനും ആ പാത പിന്തുടരണമെന്നാണ് ചന്ദന്‍റെ അമ്മയും ആഗ്രഹിച്ചത്. എന്നാല്‍ വ്യത്യസ്‌തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനും അറിയപ്പെടാനുമാണ് ചന്ദൻ ആഗ്രഹിച്ചത്. ഇന്ന് ആ അമ്മയും ചന്ദന്‍ പ്രസാദ് സാഹുവിന്‍റെ സുഹൃത്തുക്കളും അവന്‍റെ നേട്ടത്തിൽ ഇന്ന് അഭിമാനിക്കുകയാണ്.
ചന്ദ്രപൂര്‍ പോലെയുള്ള ഇത്തരം വിദൂര ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റൊക്കെ ഇപ്പോഴും ഒരു സ്വപ്‌നമാണ്. എന്നാല്‍ നൈപുണ്യ ഇന്ത്യ എന്ന ആശയത്തിന്‍റെ നിർവചനത്തെ പൂർണമായി നീതീകരിച്ചിരിക്കുകയാണ് ചന്ദന്‍ പ്രസാദ് സാഹു. അതോടൊപ്പം ഒഡീഷയിലെ ബ്ലോഗര്‍ പയ്യന്‍ എന്ന പ്രശസ്‌തിയും നേടിയെടുത്തു. ബ്ലോഗ് എഴുത്തിലൂടെ യുവ തലമുറയ്‌ക്ക് പ്രചോദനവുമാണ് ചന്ദന്‍ പ്രസാദ് സാഹു.