അമരാവതി : ആന്ധ്ര-തെലങ്കാന വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇരു സംസ്ഥാനങ്ങളെയും ചര്‍ച്ചയ്‌ക്ക് വിളിച്ചു. ആന്ധ്ര-തെലങ്കാന ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഫെബ്രുവരി 17ന് ആശയവിനിമയം നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.
2014ല്‍ നിലവില്‍ വന്ന ആന്ധ്രപ്രദേശ് പുനസംഘടന നിയമത്തിലെ പല കാര്യങ്ങളിലും ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. അത് ഒത്തുതീര്‍ക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ ചര്‍ച്ചയ്‌ക്ക് വിളിച്ചത്. കമ്മിറ്റിയുടെ ആദ്യ യോഗമായിരുന്നു ഇത്.
Also Read: ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരം; വിദേശ പ്രതികരണം വേണ്ട: വിദേശകാര്യ മന്ത്രാലയം
സംസ്ഥാനങ്ങളുടെ പ്രത്യേക പദവി, ആന്ധ്ര പ്രദേശ് ധനകാര്യ കോര്‍പ്പറേഷന്‍ വിഭജനം, ആന്ധ്ര-തെലങ്കാന പവര്‍ യൂട്ടിലിറ്റി സെറ്റില്‍മെന്‍റ് , നികുതി വിഷയങ്ങളിലെ അപാകതകള്‍ പരിഹരിക്കല്‍, ക്യാഷ് ബാലന്‍സും ബാങ്ക് ഡെപ്പോസിറ്റുകളുടെയും വിഭജനം തുടങ്ങിയവ ചര്‍ച്ചയാകും.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ക്യാഷ് ക്രെഡിറ്റ് ( APSCSCL), തെലങ്കാന സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (TSCSCL) നടത്തിപ്പ്, റായലസീമ, വടക്കൻ തീരദേശ മേഖല എന്നിവ ഉൾക്കൊള്ളുന്ന സംസ്ഥാനത്തെ 7 പിന്നാക്ക ജില്ലകൾക്കുള്ള വികസന ഗ്രാന്റും നികുതി ആനുകൂല്യങ്ങളും അനുവദിക്കല്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യും.