ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ. പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം രാജ്യത്തെ 80 കോടി ഗുണഭോക്താക്കൾക്കാണ് അഞ്ച് കിലോ സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ ഇന്ന് മുതൽ ലഭിക്കുക. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. പദ്ധതിക്കായി 26,000 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.
നിലവിൽ മെയ്, ജൂൺ മാസത്തെ സൗജന്യ റേഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതത് റേഷൻ കടകൾ വഴിയാകും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക. കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ വിതരണം ചെയ്‌തിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് സൗജന്യ റേഷൻ വിതരണം.