ഇൻഡോർ: ജമ്മു കശ്‌മീരില്‍ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ ആവശ്യത്തിനെതിരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. കേന്ദ്രഭരണ പ്രദേശത്തെ ആളുകൾ മെഹബൂബയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞു. അതിനാല്‍ തന്നെ അവരുടെ തെറ്റായ ഭീഷണിയെ കേന്ദ്ര സർക്കാർ വകവെക്കുകയും ഭയപ്പെടുന്നില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
ഓഗസ്റ്റ് 15 ന് ജമ്മു കശ്‌മീരിലെ എല്ലാ പഞ്ചായത്തിലും ത്രിവർണ്ണ പതാക ഉയർത്തി. അവിടത്തെ ജനങ്ങൾ രാജ്യസ്നേഹമുള്ളവരാണെന്ന് അതിലൂടെ തെളിയിച്ചു. ജമ്മു കശ്‌മീരിനെ ചൂഷണം ചെയ്ത നേതാക്കളുടെ മുഖമാണ് തുറന്നുകാട്ടപ്പെട്ടതെന്നും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, ബി.ജെ.പിയ്‌ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് മെഹബൂബ മുഫ്‌തി ഉന്നയിച്ചത്. ഞങ്ങളുടെ ക്ഷമ നിങ്ങള്‍ പരീക്ഷിയ്‌ക്കരുത്. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം. വാജ്‌പേയ് സമാധാന പ്രക്രിയ ആരംഭിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
നിങ്ങള്‍ കശ്മീരികളുമായി ചർച്ച പുനരാരംഭിക്കേണ്ടതുണ്ട്. കൊള്ളയടിച്ചതെല്ലാം തിരികെ നൽകണമെന്നും മെഹ്‌ബൂബ മുഫ്‌തി ആവശ്യപ്പെട്ടു.
ALSO READ: അഫ്‌ഗാൻ രക്ഷാദൗത്യം: 330 ഇന്ത്യക്കാരെ ഇതുവരെ തിരികെയെത്തിച്ചു